• Thu. Sep 19th, 2024
Top Tags

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ; രണ്ടു മരണം

Bydesk

Nov 25, 2022

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. സമീപകാലത്ത് ജിദ്ദ കണ്ട ഏറ്റവും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ജനജീവിതം താറുമാറാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു ജിദ്ദയും മക്കയും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു. മഴയും ഇടിമിന്നലും കാരണം പുലർച്ചെ മുതൽ ജനജീവിതം താറുമാറായി. രണ്ട് പേർ മഴക്കെടുതിയിൽ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. പല റോഡുകളും തുരങ്ക പാതകളും അടച്ചു. ചില ഭാഗങ്ങളിൽ റോഡുകൾ തകർന്ന് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. വെള്ളം കയറി പല വാഹനങ്ങളും റോഡുകളിൽ കുടുങ്ങി. ഒറ്റപ്പെട്ടു പോയവരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ചില ഭാഗങ്ങളിൽ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി വീട്ടു സാധനങ്ങളും വാഹനങ്ങളും ഒലിച്ചു പോയി. മക്കയിലെ ഹറം പള്ളിയിലും നല്ല മഴ ലഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഒഫ്ലൈൻ ക്ലാസുകൾക്ക് ഇന്ന് അവധിയായിരുന്നു. ജിദ്ദ, റാബിഗ്, കുലൈസ് തുടങ്ങിയ ഭാഗങ്ങളിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും അവധി നൽകി. ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മേഖലയിലെ പല സ്വകാര്യ സ്ഥാപനങ്ങളും അവധി നൽകി. 60 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശം നിലനിൽക്കുകയാണ് ജിദ്ദ നഗരസഭയിൽ. ഗതാഗത തടസം നീക്കം ചെയ്യാൻ 2500-ലേറെ തൊഴിലാളികളും ആയിരത്തോളം യന്ത്രങ്ങളും നഗരസഭയ്ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദീനയിൽ ഹറം പള്ളി പരിസരത്തും ഇന്ന് മഴ ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *