• Fri. Sep 20th, 2024
Top Tags

ലോഹങ്ങൾ ഒന്നും ഇല്ല, കരിങ്കല്ലും ചെങ്കല്ലും കുമ്മായവും മാത്രം; ഇരുന്നൂറിന്റെ തിളക്കത്തിൽ തലയുയർത്തി കണ്ണവം പഴയ പാലം

Bydesk

Jan 30, 2023

ചിറ്റാരിപ്പറമ്പ് ∙ 200 വർഷം പിന്നിടുമ്പോളും പ്രായത്തിന്റെ അവശതകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് കണ്ണവം പഴയ പാലം. പാലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ പാലത്തിന്റെ ശിലാഫലകത്തിൽ കൊത്തിവച്ച 1823 ആണ്‌ നിർമാണ വർഷം എന്നാണ്‌ അനുമാനം. കോൺക്രീറ്റിൽ തീർക്കുന്ന പാലങ്ങൾ വിവിധയിടങ്ങളിൽ തകർന്ന് വീഴുമ്പോഴാണ് പാലത്തിൽ ലോഹങ്ങൾ ഒന്നും ഇല്ലാതെ കരിങ്കല്ലും ചെങ്കല്ലും കുമ്മായവും ഉപയോഗിച്ചാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ എൻജിനിയിറിങ്‌ വിഭാഗമായ മദ്രാസ് പയനീയേഴ്സ് നിർമിച്ച പാലം തലയുയർത്തി നിൽക്കുന്നത്.

1804-ൽ തലശ്ശേരി സബ് കലക്ടറായി നിയമിതനായ തോമസ് ഹാർവി ബാബർ സൈനിക നീക്കത്തിന് കണ്ണവം പുഴയ്ക്ക് പാലം നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വയനാട്ടിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ കടത്താനാണ്‌ പാലം നിർമിച്ചത്. രണ്ട് ആർച്ചുകളായി നിർമിച്ച പാലത്തിലൂടെ ഇന്നും ചെറുവാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.

2002 ലാണ് കണ്ണവത്ത് പുതിയ പാലം നിർമിച്ചത്. അതുവരെയും ബസുകളും ലോറികളടക്കമുള്ള വാഹനം കടന്നുപോയിട്ടും പാലം കുലുങ്ങിയില്ല. കാലപ്പഴക്കം കാരണമാണ്‌ പുതിയ പാലം നിർമിച്ചത്‌. ഒട്ടേറെ തവണ വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായിട്ടും പാലം ഇന്നും ഒരു കോട്ടവും ഇല്ലാതെ ചരിത്ര സ്മാരകമായി നിൽക്കുന്നു. സമീപത്തായി വെളുമ്പത്ത് മഖാമും തൊടീക്കളം അമ്പലവും നൂറ്റാണ്ടുകളുടെ സാക്ഷിയായുണ്ട്‌.

ആഘോഷമാക്കാൻ നാട്ടുകാർ

പാലത്തിന്റെ 200ാം പിറന്നാൾ വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി.നാരയണമാരാർ ഗ്രന്ഥാലയവും. വിപുലമായ പരിപാടികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. പാലക്കണ്ടി വിജയൻ അധ്യക്ഷത വഹിച്ചു. വി.രാമചന്ദ്രൻ, പി.ഷിജിത, വി.ഷിബു, വി.കെ.രാജീവൻ, എ.ടി.പോക്കർ ഹാജി, ഒ.എൻ.സുധീഷ് കുമാർ,

കെ.പുരുഷു, കെ.കെ.ദിനേശൻ, പി.രാജേഷ്, വി.സുകുമാൻ, പി.സുധാകരൻ തൊടീക്കളം, എ.ടി.അലിഹാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പാലക്കണ്ടി വിജയൻ (ചെയർമാൻ). പി.സുധാകരൻ തൊടീക്കളം (കൺവീനർ), എ.ടി.അലിഹാജി (ട്രഷ).

Spread the love

Leave a Reply

Your email address will not be published. Required fields are marked *