• Fri. Sep 20th, 2024
Top Tags

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്‌ ഓളപ്പരപ്പിൽ ഇനി ഒഴുകി നടക്കാം

Bydesk

Jan 31, 2023

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫ്ലോട്ടിങ് ബ്രിഡ്ജ് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം സ്ഥാപിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്.

ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നരക്കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസ്സാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരി ആരംഭിച്ചത്‌. കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാം.

‘തൂവൽതീരം’ അമ്യൂസ്‌മെന്റ്‌ പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്‌. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസിൽ താഴെയുള്ളകുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശമില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, കെ വി ബിജു, കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി സജിത (മുഴപ്പിലങ്ങാട്), എൻ കെ രവി (ധർമടം), തലശേരി സബ് കലക്ടർ സന്ദീപ് കുമാർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജേഷ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *