• Thu. Sep 19th, 2024
Top Tags

ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ബസ് ഇല്ലാ സ്റ്റാൻഡുകൾ

Bydesk

Jan 31, 2023

കണ്ണൂർ ∙ ലക്ഷങ്ങൾ ചെലവിട്ട് ബസ് സ്റ്റാൻ‍ഡുകൾ നിർമിച്ചിട്ടും ഒരു ബസ് പോലും കയറാത്ത സ്റ്റാൻഡുകൾ ഒട്ടേറെയുണ്ട് ജില്ലയിൽ. ബസുകൾ പ്രവേശിക്കാത്തതിനാൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായിരിക്കുകയാണ് ചില ബസ് സ്റ്റാൻഡുകൾ. ഉദ്ദേശിച്ച ലക്ഷ്യം നേടാനാവാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പ്രതീക്ഷിച്ച വരുമാനവും നഷ്ടമായി.

പുതിയങ്ങാടി സ്റ്റാൻഡിൽ മീൻ ലോറികൾ

പുതിയങ്ങാടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് മീൻ ലോറികളും സ്വകാര്യ വാഹനങ്ങളുമാണ്. മാടായി പഞ്ചായത്ത് 2005ലാണ് പുതിയങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമിച്ചത്. കുറച്ച് കാലം ബസുകൾ സ്റ്റാൻഡിൽ കയറിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞ് ബസുകൾ കയറാതായി. പിന്നീട് അടിസ്ഥാന സൗകര്യവും ഒരുക്കിയെങ്കിലും ബസ് സ്റ്റാൻഡ് അനാഥമായി തന്നെ കിടക്കുന്നു.

ആർടിഒ അനുമതി നൽകിയില്ലെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. നിലവിൽ 3 റോഡുകൾ ചേരുന്ന കവലയിലാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

അനക്കമില്ലാതെ ആലക്കോട് ബസ് സ്റ്റാൻഡ്

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആലക്കോട് ബസ്‌ സ്റ്റാൻഡ് ടൗണിൽ നിന്ന് അകലെയാണ്. ബസ്‌ സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ടൗണിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ കാൽനടയായി സഞ്ചരിക്കണം. അതിനാൽ ബസ്‌ സ്റ്റാൻഡിൽ ആരും ഇറങ്ങാറില്ല.
ബസ് കയറാനും ആളുകൾ ഇവിടെ എത്തുന്നില്ല. ഇതിനെ തുടർന്നാണ് ബസുകൾ സ്റ്റാൻഡിൽ കയറാത്തത്. ബസുകൾ സ്റ്റാൻഡിൽ കയറാനുള്ള ട്രാഫിക് പരിഷ്കാരങ്ങൾ പഞ്ചായത്ത് കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.

മൂന്നര പതിറ്റാണ്ടായി അനാഥം

മൂന്നര പതിറ്റാണ്ടു മുൻപ് നിർമിച്ച കരുവഞ്ചാൽ ബസ്‌ സ്‍റ്റാൻഡും അനാഥാവസ്ഥയിലാണ്. സ്ഥലപരിമിതി മൂലമാണ് ഇവിടെ ബസുകൾ കയറാത്തത്. നാട്ടുകാരുടെ ഏറെ മുറവിളിക്കൊടുവിൽ ചപ്പാരപ്പടവ് ടൗണിൽ നിർമിച്ച മിനി ബസ്‌ സ്റ്റാൻഡ് ഒരു വർഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല. ആർടിഎയുടെ അനുമതി ലഭിക്കാത്തതാണ് കാരണം.

കാൽനൂറ്റാണ്ടായി ഉപയോഗശൂന്യം

25 വർഷം മുൻപ് നിർമിച്ച തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡ് ഇപ്പോഴും ബസ് സ്റ്റാൻഡ് ആയി ഉപയോഗിക്കുന്നില്ല. ഇത് മലയോര ബസ് സ്റ്റാൻഡാക്കി മാറ്റുമെന്ന് നഗരസഭ പ്രഖ്യാപിക്കുകയും ഹൈക്കോടതിയിൽ ഉറപ്പു നൽകുകയും ചെയ്തതാണ്. സ്റ്റാൻഡ് അടുത്ത കാലത്ത് ഇന്റർലോക്ക് പതിപ്പിച്ച് ഉപയോഗപ്രദമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പേ പാർക്കിങ് സംവിധാനമായിട്ടാണ് ഉപയോഗിക്കുന്നത്.

25 വർഷം മുൻപ് ഇവിടെ കെഎസ്ആർടിസി ഡിപ്പോ അനുവദിച്ചിരുന്നു. എന്നാൽ ഉദ്ഘാടന തലേന്ന് ചിലർ കോടതിയിൽ പോയി ഇത് സ്റ്റേ ചെയ്യിക്കുകയായിരുന്നു. എടൂർ ബസ് സ്റ്റാൻഡിൽ ഒരു ബസും കയറുന്നില്ല. കീഴ്പ്പള്ളി ബസ് സ്റ്റാൻഡ് വൺവേ ആയി മാത്രം ബസുകാർ ഉപയോഗിക്കുന്നു. ഉളിക്കൽ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നതു വിരളമാണ്.

കൊട്ടിയൂരിൽ പഞ്ചായത്തിന് 2 ബസ് സ്റ്റാൻഡുകളുണ്ട്. ഇതിൽ ദേവസ്വത്തിന്റെ ബസ് സ്റ്റാൻഡ് ഉത്സവകാലത്ത് മാത്രം ഉപയോഗിക്കാനുള്ളതാണ്. പഞ്ചായത്തിന്റെ ഒരു ബസ് സ്റ്റാൻഡ് അമ്പായതോട്ടിലാണ്. അവിടെ ഇപ്പോൾ സർവീസ് അവസാനിക്കുന്ന ബസുകൾ രാത്രി പാർക്കിങ്ങിന് ഉപയോഗിക്കുന്നു. കൊട്ടിയൂർ ടൗണിലെ ബസ് സ്റ്റാൻഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. 2 ബസ് സ്റ്റാൻഡുകളും നിർമിച്ചിട്ട് 25 വർഷം കഴിഞ്ഞു.

ആളൊഴിഞ്ഞ് ചെമ്പേരി സ്റ്റാൻഡ്

ഏരുവേശി പഞ്ചായത്തിലെ ചെമ്പേരി ബസ് സ്റ്റാൻ‍ഡിൽ‍ ബസുകൾ കയറാറില്ല. 10 വർഷം മുൻപായിരുന്നു അലക്സാണ്ടർ കടൂക്കുന്നേൽ എന്ന കുടിയേറ്റ കർഷകൻ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡ് പണിതത്. ചെമ്പേരി ടൗണിൽ നിന്ന് 500 മീറ്റർ ദൂരെയാണ് സ്റ്റാൻഡ്.

ബസുകളെ പ്രവേശിപ്പിക്കാൻ പഞ്ചായത്ത് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ പുറത്തു നിന്ന് എത്തുന്ന ലോറികളും, മറ്റു വാഹനങ്ങളുമാണ് ഇതിനകത്ത് നിർത്തിയിടുന്നത്. പടിയൂർ പഞ്ചായത്തിന്റെ ബ്ലാത്തൂർ ബസ് സ്റ്റാൻഡും ടൗണിൽ നിന്ന് അകലെയായതിനാൽ ആർക്കും വേണ്ട.

Spread the love

Leave a Reply

Your email address will not be published. Required fields are marked *