• Fri. Sep 20th, 2024
Top Tags

ആഗ്: 260 പേർ തടങ്കലിൽ, സാമൂഹിക വിരുദ്ധർക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന

Bydesk

Feb 6, 2023

കണ്ണൂർ ∙ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ (ആക്‌ഷൻ എഗെയ്ൻസ്റ്റ് ആന്റി സോഷ്യൽ ഗുണ്ട – ആഗ്) 260 പേരെ കരുതൽ തടങ്കലിലെടുത്തു. സിറ്റി, റൂറൽ പൊലീസ് ജില്ലാ പരിധികളിൽ 130 പേരെ വീതമാണു കരുതൽ തടങ്കലിലെടുത്തത്. സിറ്റി പരിധിയിൽ 225 പേരെ പരിശോധിച്ചു. പിടികിട്ടാപ്പുള്ളികളായ 6 പേരെ അറസ്റ്റ് ചെയ്തു. 18 സ്റ്റേഷൻ പരിധികളിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ബാർ തുടങ്ങി 20 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു പരിശോധന.

കാപ്പ നിയമപ്രകാരം 5 കുറ്റവാളികളെ കണ്ടെത്തി. കസ്റ്റഡിയുലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്ത ശേഷം അറസ്റ്റ് ചെയ്യും. പലർക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 500ൽ അധികം വാഹനങ്ങൾ പൊലീസ് പരിശോധിച്ചെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. റൂറൽ പൊലീസ് ജില്ലാ പരിധിയിൽ, പിടികിട്ടാപ്പുള്ളികളായ 7 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി എം.ഹേമലത അറിയിച്ചു.

4 സബ്ഡിവിഷനുകളിലെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ശനി രാത്രി 10 മുതൽ ഇന്നലെ പുലർച്ചെ 4 വരെയായിരുന്നു പരിശോധന. അടുത്തിടെ കൂടുതൽ കേസുകളിൽ പെട്ട സ്ഥിരം കുറ്റവാളികളെയും കാപാ ലിസ്റ്റിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.  ക്രിമിനൽ, സാമൂഹിക വിരുദ്ധ കേസുകളിൽപ്പെട്ട 489 പേരുടെയും ലഹരിമരുന്ന് കേസിൽപ്പെട്ട 256 പേരുടെയും പട്ടികകൾ പരിശോധനയ്ക്കു വിധേയമാക്കി.

സബ് ഡിവിഷനുകളായ തളിപ്പറമ്പിൽ നിന്ന് 42, ഇരിട്ടിയിൽ നിന്ന് 33, പയ്യന്നൂരിൽ നിന്ന് 27, പേരാവൂരിൽ നിന്ന് 28 എന്നിങ്ങനെയാണു കസ്റ്റഡിയിലെടുത്തവരുടെ എണ്ണം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ കരുതൽ തടങ്കലിലാക്കിയതെന്നും വീടുകളിൽ തുടർച്ചയായുള്ള മോഷണവുമായി ബന്ധപ്പെട്ടു റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി തുടങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *