• Fri. Sep 20th, 2024
Top Tags

തുര്‍ക്കി ഭൂചലനം: മരണം 90ലേറെ, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

Bydesk

Feb 6, 2023

ഇസ്റ്റംബുള്‍: തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തൊണ്ണൂറിലേറെ പേര്‍ മരിച്ചതായാണ് നിലവിലെ റിപ്പോര്‍ട്ട്.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇനിയും ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തെക്കു കിഴക്കന്‍ തുര്‍ക്കിസിറിയന്‍ അതിര്‍ത്തി മേഖലയില്‍ കരമന്‍മറാഷ് നഗരത്തോട് ചേര്‍ന്നാണ് ഭൂചലനമുണ്ടായത്.

സൈപ്രസ്, ലെബനന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ഗസിയെന്റപ്പ് നഗരത്തിന് 26 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്ബത്തെ തുടര്‍ന്ന് തുര്‍ക്കി നാലാംഘട്ട ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്.

അന്താരാഷ്ട്രതലത്തില്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള അടിയന്തര സാഹചര്യത്തിലാണ് നാലാംഘട്ട ജാഗ്രത പുറപ്പെടുവിക്കുന്നത്. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകരെ ഉടനടി നിയോഗിച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്ബ മേഖലകളില്‍ ഒന്നാണ് തുര്‍ക്കി. 1999ല്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 17,000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്തംബുളില്‍ മാത്രം അന്ന് ആയിരത്തിലേറെ പേര്‍ മരിച്ചു. ശക്തമായ ഒരു ഭൂമികുലുക്കം വന്നാല്‍ നാമാവശേഷമായി പോകാവുന്ന പ്രദേശമാണ് ഇസ്തംബൂളെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവിടെ പല കെട്ടിടങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നിര്‍മിച്ചിട്ടുള്ളത്. 2020 ജനുവരിയില്‍ നടന്ന ഭൂചലനത്തില്‍ 40ഉം ഒക്ടോബറില്‍ 114 പേരും കൊല്ലപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *