• Fri. Sep 20th, 2024
Top Tags

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല: മന്ത്രി

Bydesk

Feb 6, 2023

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയ്ക്കും പങ്കുണ്ട്. അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ് പുലര്‍ത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 4.20 ലക്ഷം പേര്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം മരണമടയുന്നു. പത്തിലൊരാള്‍ക്ക് ആഗോളതലത്തില്‍ ഭക്ഷ്യജന്യരോഗം ബാധിക്കുന്നുമുണ്ട്. ഇത് ഏതൊരു രാജ്യത്തിനും വെല്ലുവിളിയും ഭീഷണിയുമാണ്. ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ ഉപഭോഗം, രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണം, കീടനാശിനി അവശിഷ്ടങ്ങള്‍ തുടങ്ങിയവ കാരണം അനേകം സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ഭക്ഷ്യ സുരക്ഷ അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.രണ്ട് പരിശീലന പരിപാടികളാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ നിയുക്ത ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും നിലവിലുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള 6 അസി. കമ്മീഷണര്‍മാര്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള 9 ഉദ്യോഗസ്ഥര്‍, ദാദ്ര ആന്റ് നാഗര്‍ ഹവേലിയില്‍ നിന്നുള്ള 2 ഉദ്യോഗസ്ഥര്‍, കേന്ദ്രത്തിലെ 2 ഉദ്യോഗസ്ഥര്‍ എന്നിവര്‍ 5 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കുള്ള ഇന്‍ഡക്ഷന്‍ പരിശീലനത്തില്‍ കേരളത്തില്‍ നിന്നുള്ള 38, ത്രിപുരയില്‍ നിന്നുള്ള 20, യുപിയില്‍ നിന്നുള്ള 3 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള 1 ഉദ്യോഗസ്ഥന്‍ എന്നിവര്‍ 15 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നു.പുതുതായി നിയമിതരായ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. അതിനാല്‍ തന്നെ ഈ പരിശീലനം വളരെ പ്രധാനമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *