• Fri. Sep 20th, 2024
Top Tags

കല്യാശ്ശേരിയിലെ സഞ്ചാരസ്വാതന്ത്ര്യം: പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ടു

Bydesk

Feb 11, 2023

കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന സഞ്ചാരസ്വാതന്ത്ര്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കെ.സി.സി.പി.എൽ. ചെയർമാൻ ടി.വി.രാജേഷ്, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ടി.ടി.ബാലകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കല്യാശ്ശേരി പ്രദേശവാസികളുടെ യാത്രാപ്രശ്നങ്ങളും നേരിടാൻ പോകുന്ന പ്രശ്നങ്ങളും പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു. കഴിഞ്ഞദിവസം എം.വിജിൻ എം.എൽ.എ.യും കല്യാശ്ശേരിയിലെ യാത്രപ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ചചെയ്തിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടികൾക്കുള്ള സാധ്യതകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എം.വിജിൻ എം.എൽ.എ. പറഞ്ഞു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ പുരോഗമിക്കുമ്പോഴാണ് കല്യാശ്ശേരിയിൽ ദിവസം കഴിയുന്തോറും പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. നിലവിലുള്ള ദേശീയപാതയിലക്ക് പഞ്ചായത്തിന്റെ ഗണ്യമായ പ്രദേശങ്ങളിൽനിന്നുള്ള ജനങ്ങൾ കടക്കുന്ന സി.ആർ.സി. റോഡ് ഏതുദിവസവും അടച്ചേക്കുമെന്ന ഭീതിയാണ് പ്രദേശവാസികളെയാകെ അലട്ടുന്നത്. അതോടെ കല്യാശ്ശേരി പ്രദേശവാസികൾക്ക് പാതയുടെ ഇരുഭാഗത്തേക്കും കടക്കുന്നതിനുള്ള ഏക മാർഗവും അടയും. നിലവിലെ വിശദപദ്ധതി രേഖയിൽ ഇരുഭാഗത്തേക്കും കടക്കാനുള്ള ഒരു സംവിധാനവും ഉൾപ്പെടുത്താത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇതിനായി ഒരു അടിപ്പാതയ്ക്കുള്ള മുറവിളിയാണ് എങ്ങും ഉയരുന്നത്. അതോടൊപ്പം നിർദിഷ്ട ടോൾപ്ലാസ ഹാജിമെട്ടയിൽനിന്ന്‌ ജനവാസം കുറഞ്ഞ വയക്കര വയലിലേക്ക് മാറ്റണമെന്ന ആവശ്യവും ജനങ്ങൾ ശക്തമായി ഉയർത്തുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *