• Fri. Sep 20th, 2024
Top Tags

അണ്ടലൂർക്കാവ്‌ ഉത്സവം നാളെ തുടങ്ങും

Bydesk

Feb 13, 2023

ധർമടം: അണ്ടലൂർക്കാവ്‌ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങതാക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. 15-ന് രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്കകൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്കനിവേദ്യം എന്നിവ നടക്കും.

വ്യാഴാഴ്ച രാവിലെ ഒൻപതിന് കൊടിയേറ്റം. രാത്രി 11-ന് മേലൂർ മണലിൽനിന്ന് കുടവരവ്. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്തെത്തുന്നതോടെ മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം.

17-ന് പുലർച്ചെ അഞ്ചുമുതൽ വിവിധ തെയ്യങ്ങൾ. അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടയ്ക്കൊരു മകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ.

തുടർന്ന് സൂര്യാസ്തമയത്തോടുകൂടി പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടിയണിയും. സഹചാരികളായ അങ്കക്കാരൻ (ലക്ഷ്മണൻ), ബപ്പൂരൻ (ഹനുമാൻ) എന്നിവരും തിരുമുടി അണിയും. രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടങ്ങൾ നടക്കും.

20 വരെ തെയ്യാട്ടങ്ങൾ ആവർത്തിക്കും. 21-ന് പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. പ്രധാന ഉത്സവ ദിനങ്ങളിൽ ധർമടം, പാലയാട്, അണ്ടലൂർ ദേശക്കാരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും വക വെടിക്കെട്ട്‌ ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *