• Fri. Sep 20th, 2024
Top Tags

സിഐടിയു ഭീഷണി; പുതിയ സംരംഭം ചിക്കമഗളൂരുവിലേക്ക് മാറ്റാൻ ശ്രീപോർക്കലി സ്റ്റീൽസ് ഉടമ

Bydesk

Feb 14, 2023

കണ്ണൂർ ∙ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ പുതിയ സംരംഭം ചിക്കമഗളൂരുവിലേക്കു മാറ്റാനൊരുങ്ങി സംരംഭകൻ. സിഐടിയു ചുമട്ടുതൊഴിലാളുടെ ഭീഷണിയെത്തുടർന്ന് പുതിയ സംരംഭം ചിക്കമഗളൂരുവിലേക്കു മാറ്റുകയാണെന്ന് ശ്രീപോർക്കലി സ്റ്റീൽസ് ഉടമ ടി.വി.മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളികൾ സഹോദരൻ ടി.വി.ബിജുലാലിനെ മർദിച്ചതിനെ തുടർന്നാണു തീരുമാനം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മാതമംഗലത്ത് 2020ൽ ആരംഭിച്ച സ്ഥാപനത്തിലേക്ക് ഇതുവരെ ഒരു ലോഡ് ഇറക്കാൻ മാത്രമാണ് സിഐടിയു തൊഴിലാളികൾ അനുവദിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവു നേടിയിട്ടും സിഐടിയു അധികൃതർ ലോഡ് ഇറക്കാൻ അനുവദിക്കുന്നില്ല. രണ്ടര വർഷമായി 17,600 രൂപ വീതം മാസവാടക നൽകുകയാണെന്നും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്ഥാപനമുടമ പറഞ്ഞു.

 

വ്യവസായ സൗഹ‍ൃദം, ഒരു ലക്ഷം സംരംഭം എന്നൊക്കെ പറയുന്നതല്ലാതെ പാർട്ടിക്കാരുടെ സഹകരണമില്ലാതെ നാട്ടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. സഹകരണ സ്ഥാപനങ്ങൾ പുതിയ സംരംഭവുമായി വരുമ്പോൾ സ്വകാര്യ സംരംഭത്തെ പൂട്ടാൻ സിഐടിയുവിന് ക്വട്ടേഷൻ കൊടുക്കുകയാണ് ചെയ്യുന്നതെന്നും ടി.വി.മോഹൻലാൽ ആരോപിച്ചു.ഹൈക്കോടതി ഉത്തരവു പ്രകാരം ശ്രീപോർക്കലിയിൽ 2 അറ്റാച്ച്ഡ് കാർഡുള്ള തൊഴിലാളികളുണ്ട്. എന്നാൽ ഇവരെക്കൊണ്ട് കയറ്റിറക്കു തൊഴിൽ ചെയ്യിക്കില്ലെന്ന നിലപാടിലാണ് സിഐടിയു. ശ്രീപോർക്കലിയിലേക്ക് എത്തുന്ന എല്ലാ ലോഡുകളും പിലാത്തറയിൽ വച്ചു ചുമട്ടുതൊഴിലാളികൾ തടയുന്നതായും മോഹൻലാൽ ആരോപിച്ചു.

കഴിഞ്ഞ 9നാണ് സഹോദരനായ ടി.വി.ബിജുലാലിനെ 10 സിഐടിയു തൊഴിലാളികൾ ചേർന്ന് ആക്രമിച്ചത്. എന്നാൽ 12–ാം തീയതി മാത്രമാണ് പൊലീസ് കേസ് എടുത്തത്.പൊലീസ് സംരക്ഷണം നൽകുന്നില്ലെന്നും പാർട്ടിയുടെ ഇച്ഛയ്ക്കനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 7 സംരംഭങ്ങളുണ്ട്. പുതിയ സ്ഥാപനവും നാട്ടിൽത്തന്നെ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്രമസമാധാനം തന്നെ അപകടത്തിലാണ്. അതിനാൽ ചിക്കമംഗലൂരുവിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *