• Fri. Sep 20th, 2024
Top Tags

അവഗണനയിൽ അലക്സ്നഗർ – ഐച്ചേരി റോഡ്

Bydesk

Feb 14, 2023

ശ്രീകണ്ഠപുരം: വർഷങ്ങളായി തകർന്നു കിടക്കുന്ന അലക്സ് നഗർ – ഐച്ചേരി റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ നാട്ടുകാർ പ്രതിഷേധത്തിൽ.രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ നിലവിൽ കാൽ നടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നന്നേ വീതി കുറഞ്ഞ റോഡ് തകർന്ന് കുഴികൾ നിറഞ്ഞതോടെ ഐച്ചേരി ഭാഗത്തു നിന്നും പലപ്പോഴും ഓട്ടോറിക്ഷകൾ അലക്സ് നഗറിലേക്ക് ഓട്ടം പോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഒരു കെ.എസ്.ആർ.ടി.സി. ബസ് രാവിലെ മാത്രം ഇതുവഴി പോകുന്നുണ്ട്. മറ്റ് സമയങ്ങളിൽ കാൽനട യാത്രമാണ് ഇവിടെത്തെ ജനങ്ങൾക്കാശ്രയം. പി.ഡബ്ലു.ഡി. റോഡായതിനാൽ നഗരസഭക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് അധികൃതർ പറയുന്നത്.നേരത്തെ ജനകീയമായി റോഡിലെ കുഴികളടച്ചെങ്കിലും ശാശ്വത പരിഹാരമായില്ല.

 

റോഡിന്റെ ഭാഗമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിൻ്റെ ആദ്യ ടെൻഡറിൽ ഈ റോഡിൻ്റെ വികസനത്തിനും 10.10 കോടി രൂപ വകയിരുത്തിയിരുന്നു.എന്നാൽ കരാറുകാരൻ്റെ അനാസ്ഥ മൂലം പാലം പണി നിലയ്ക്കുകയും പുതിയ ടെൻഡർ വിളിക്കുകയും ചെയ്തു.പുതിയ ടെൻഡറിൽ റോഡ് നിര്‍മാണം ഒഴിവാക്കി 5.84 കോടി രൂപയാണ് വകയിരുത്തിയത്. റോഡ് നിർമാണം ടെൻഡറിൽ നിന്നൊഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്കിടയാക്കി.റോഡിൻ്റെ ശോച്യാവസ്ഥ സ്ഥലം സന്ദർശിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.തുടർന്ന് റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റും അറ്റകുറ്റപ്പണിക്കായി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പി.ഡബ്ല്യു.ഡി. പാലം വിഭാഗം സംസ്ഥാന സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ബജറ്റിൽ ഈ റോഡിനെക്കുറിച്ച് യാതൊരു പരമാർശവും ഇല്ലാത്തതിനാൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.റോഡ് ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് അലക്സ് നഗർ വികസന സമിതി പ്രസിഡൻ്റ് ഫാ.ജോർജ് കപ്പുകാലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനും സജീവ് ജോസഫ് എം.എൽ.എക്കും നിവേദനം നൽകിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *