• Fri. Sep 20th, 2024
Top Tags

വിസ റദ്ദാക്കലും പുറത്താക്കലും നിയമനടപടികളും നേരിടേണ്ടി വന്നേക്കും; ഇസ്രായേലില്‍ മുങ്ങിയ ബിജുകുര്യനെ കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍

Bydesk

Feb 20, 2023

കണ്ണൂര്‍: മന്ത്രി ഉള്‍പ്പെട്ട സംഘത്തിനൊപ്പം ഇസ്രായേലിലേക്ക് പോകുകയും അവിടെ മുങ്ങുകയും ചെയ്ത കര്‍ഷക പ്രതിനിധിയെ കാത്തിരിക്കുന്നത് എട്ടിന്റെ പണികള്‍. വിസ റദ്ദാക്കലും നാട്ടില്‍ നിയമനടപടികളുമാണ് കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബിജുകുര്യനെ കാത്തിരിക്കുന്നത്.

ഇസ്രായേലില്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തന്നെ അന്വേഷിക്കേണ്ടെന്നും താന്‍ ഇസ്രായേലില്‍ സുരക്ഷിതനാണെന്നും ബിജുകുര്യന്‍ വീട്ടുകാര്‍ക്ക് സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അന്വേഷണസംഘവും ബന്ധുക്കളും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.

ആധുനിക കൃഷിരീതികളെക്കുറിച്ച് അറിയാന്‍ സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍ നിന്നുമാണ് ബിജുവിനെ കാണാതായത്. മെയ് എട്ടുവരെ വിസാ കാലാവധി ഉണ്ടെങ്കിലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിസ റദ്ദാകാനും മറ്റും സാധ്യതയുണ്ട്. ഇസ്രായേലില്‍ ഇയാളെ കണ്ടെത്തിയാല്‍ തന്നെ ഇന്ത്യയില്‍ മടക്കി അയച്ചേക്കാനാണ് സാധ്യത.

ബിജുവിനെ കര്‍ഷക സംഘത്തില്‍ ഉള്‍പ്പെടുത്തിയത് കാര്‍ഷിക വകുപ്പിന് തന്നെ വലിയ തലവേദനയായി മാറിയിട്ടുണ്ട്. സംഘം തിരിച്ചെത്തിയാല്‍ ഉടന്‍ മറ്റു നിയമനടപടി ആലോചിക്കുമെന്നാണ് കൃഷിമന്ത്രി പറഞ്ഞിരിക്കുന്നത്. ബിജുവിന് മതിയായ കാര്‍ഷിക പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ എല്‍.ഐ.സി. ഏജന്റാണെന്നുമാണ് ഉയരുന്ന ആക്ഷേപങ്ങളില്‍ ഒന്ന്. ഉളിക്കല്‍ കൃഷിഭവന്‍ പരിധിയിലുള്ള ബിജു പക്ഷേ ഇസ്രായേലിലേക്ക് പോയത് പായം കൃഷിഭവന്‍ മുഖേനെയാണ്. എന്നാല്‍ ഇയാള്‍ക്ക് പായത്ത് രണ്ടേക്കര്‍ സ്ഥലമുണ്ട്.

സംഘത്തിലെ കര്‍ഷകരെല്ലാം സ്വന്തമായിട്ടാണ് വിമാനടിക്കറ്റ് എടുത്തത്. ഇതിനായി 55,000 രൂപയോളം ബിജുവും മുടക്കിയിരുന്നു. മനുഷ്യക്കടത്ത് തടയാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബിജുവിന്റെ മുങ്ങല്‍ ഇന്ത്യന്‍ എംബസിയേയും വെട്ടിലാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളുമായിട്ടാണ് ബിജു പുറത്ത് പോയത്.

സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ ശനിയാഴ്ചയാണു കാണാതായത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നും രാത്രിയില്‍ കാണാതാകുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ മറ്റൊരു ഹോട്ടലിലേക്ക് ബസില്‍ കയറാന്‍ തയ്യാറായി വന്ന ബിജു കുര്യന്‍ അപ്രത്യക്ഷനായി. ഉടന്‍ തന്നെ പ്രതിനിധിസംഘം ഇന്ത്യന്‍ എംബസി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു.

നല്ല ഉദ്ദേശ്യത്തോടെയാണ് സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനയ്ക്കു ശേഷമാണ് കര്‍ഷകരെ തെരഞ്ഞെടുത്തതെന്നും അറിയിച്ച മന്ത്രി, കാണാതായ കര്‍ഷകന്‍ ബോധപൂര്‍വം മുങ്ങിയതാണെന്നും പറഞ്ഞു. ഇന്നലെ രാവിലെയെങ്കിലും ഇയാള്‍ സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍ കൂടിയാണ് ഇയാള്‍.

വളരെ ആസൂത്രിതമായാണ് ഇയാള്‍ മുങ്ങിയതെന്നാണു മനസിലാക്കുന്നത്. എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. സംഭവത്തില്‍ ബി. അശോക് കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രായേലില്‍ പരാതി നല്‍കിയിട്ടുണ്ട്. അവിടത്തെ ഇന്ത്യന്‍ എംബസിയിലും വിവരം നല്‍കി. സംഘം നാളെ തിരിച്ചെത്തിയശേഷം കേരളത്തില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ ആലോചിക്കുമെന്നും പി. പ്രസാദ് വ്യക്തമാക്കി. ബിജുവിന്റെ ഇസ്രായേലിലുള്ള സൃഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *