• Fri. Sep 20th, 2024
Top Tags

രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഏകാധ്യാപക സ്‌കൂളുകൾ; ഏറ്റവും കുറവ് കേരളത്തിൽ

Bydesk

Feb 22, 2023

2023-24 കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയത് 1.13 ലക്ഷം കോടി രൂപയാണ്. 2022-23 നെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വർദ്ധന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഇനിയും മുന്നേറേണ്ടതായി ഉണ്ടെന്ന് മനസിലാകും. വിദ്യാർത്ഥി-അധ്യാപക അനുപാതം, ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ കുറവിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകൾ. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റലൈസേഷൻ ശ്രമം നടക്കുന്നുണ്ടെങ്കിലും മിക്ക സ്കൂളുകളിലും ഇന്റർനെറ്റ് കണക്ഷൻ പോലും ലഭ്യമല്ല എന്നതാണ് മറ്റൊരു വസ്തുത. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം വളരെ മോശമാണ്. വിദ്യാർത്ഥി-അദ്ധ്യാപക അനുപാതത്തിൽ ഏറ്റവും മോശം സംസ്ഥാനമായ യുപിയിലേയും ബീഹാറിലേയും കണക്കുകൾ ഞെട്ടിക്കുന്നതാണ്.

ബീഹാറില്‍ പ്രൈമറി സ്‌കൂളുകളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. മധ്യപ്രദേശിൽ മാത്രം 16,000-ത്തിലധികം ഏകാധ്യാപക വിദ്യാലയങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. നേരെമറിച്ച്, ചെറിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ മികച്ച വിദ്യാർത്ഥി-അധ്യാപക അനുപാതമുള്ളവയാണ്. വിദ്യാർത്ഥി-അധ്യാപക അനുപാതം മോശമായിട്ടും, ഹരിയാന, പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

ഇന്ത്യയിലെ 8% സ്‌കൂളുകളിലും ഒരു അധ്യാപകൻ മാത്രമാണുള്ളത്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ഒരു അധ്യാപകന്‍ മാത്രമുള്ള സ്‌കൂളുകളുടെ എണ്ണം കൂടുതല്‍. എന്നാൽ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഏറ്റവും കുറവ് ഏക അധ്യാപക വിദ്യാലയങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. 310 ഏക അധ്യാപക വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. അതേസമയം രാജ്യത്തെ നാലിലൊന്ന് സ്‌കൂളുകളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധനമന്ത്രി നിർമ്മല സീതാരാമൻ ഈ വർഷത്തെ യൂണിയൻ ബജറ്റിൽ നാഷണൽ ഡിജിറ്റൽ ലൈബ്രറി പ്രോഗ്രാമും പഠന ഫലങ്ങൾ മെച്ചപ്പെടുത്താനും പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠന നഷ്ടം നികത്താനും കഴിഞ്ഞ വർഷത്തെ നാഷണൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രോഗ്രാമും പ്രഖ്യാപിച്ചു. 29 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പകുതിയിൽ താഴെ സ്‌കൂളുകൾക്കാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്. ഇത് ഇത്തരം ഡിജിറ്റൽ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *