• Thu. Sep 19th, 2024
Top Tags

തലശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മർദ്ദനം; 12 പേര്‍ക്കെതിരെ കേസ്

Bydesk

Mar 4, 2023

തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വിദ്യാര്‍ഥികളടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദിക്കുന്നതിന്റെ വിവിധ ഭാഗങ്ങളടങ്ങിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. തലശ്ശേരി ബി.ഇ.എം.പി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ധര്‍മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍ ഷാമില്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. കൈകൊണ്ടും കുപ്പികൊണ്ടും വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതി. ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്തെ പണിതീരാത്ത വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൈക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിയേറ്റ് പരിക്കേറ്റതിനാല്‍ ഷാമില്‍ മൂന്ന് ദിവസമായി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മര്‍ദനം നടത്തിയ ദൃശ്യം വിദ്യാര്‍ഥികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 12 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ഒരു വിദ്യാര്‍ഥി സുഹൃത്തിനോടൊപ്പമുള്ള വീഡിയോ പ്രചരിച്ച സംഭവമാണ് വിദ്യാര്‍ഥികളെ പ്രകോപിതരാക്കിയത്. ഈ സംഭവം വിദ്യാലയത്തിലെ ടീച്ചറെ അറിയിച്ചത് ഷാമിലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വിദ്യാര്‍ഥികള്‍ മാറി മാറി ഷാമിലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഷാമിലിനെ മര്‍ദിച്ചതിന് കാരണവര്‍ അജ്മല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. ദൃശ്യം പുറത്തു വന്നതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഉദാസീനതയും പ്രതിഷേധത്തിനിടയാക്കി. ഈ സംഭവത്തിന്റെ തലേ ദിവസം സമാനമായ മറ്റൊരു സംഭവവും നഗരത്തിലുണ്ടായി. ചിറക്കര എസ്.എസ് റോഡിലെ ഒരു യുവാവാണ് വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തിന്റെ മര്‍ദനത്തിനിരയായത്. ഈ സംഭവം പൊലീസ് സ്റ്റേഷനില്‍ രമ്യതയില്‍ തീര്‍ക്കുകയായിരുന്നു. ടി.സി മുക്കിലെ സര്‍ക്കസ് ഗ്രൗണ്ടിലാണ് യുവാവ് അക്രമിക്കപ്പെട്ടത്. മുന്‍ വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണം. നഗരത്തില്‍ അടുത്ത കാലത്തായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്ന നിരവധി സംഭവമുണ്ടായിട്ടുണ്ട്. മിക്ക സംഭവങ്ങളിലും പൊലീസ് കണ്ണടക്കുന്നതായാണ് വിമര്‍ശനം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *