• Fri. Sep 20th, 2024
Top Tags

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

Bydesk

Mar 6, 2023

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി. കമ്മീഷണർ നിര്‍ദ്ദേശിച്ചു.

അതേസമയം, നാളത്തെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 300 സേനാ അംഗങ്ങളേയാണ് അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് ഒരുക്കും. നാല് പ്രത്യേക ട്രെയിനുകളുമായാണ് റെയിൽവേയുടെ സജ്ജീകരണം.

ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ച് പ്രവര്‍ത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയര്‍മാര്‍ ഉൾപ്പെടെ അണിനിരക്കും. പൊങ്കാല സമയത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം നിർത്തിവക്കണമെന്നാണ് നിർദേശം.

ട്രാൻസ്ഫോര്‍മറുകൾക്ക് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന. പൊങ്കാല ദിവസത്തിൽ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക.

ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. എറണാകുളത്ത് നിന്നും നാഗര്‍കോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സര്‍വ്വീസ് നടത്തും. 12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്റ്റോപ്പും പൊങ്കാലദിനം അനുവദിച്ചു. നാല് ട്രെയിനുകൾക്കായി 14 അധിക കോച്ചും ദക്ഷിണ റെയിൽവേ ഒരുക്കിയിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് അടുപ്പ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകള്‍ വിവിധ ഭവനപദ്ധതികള്‍ക്കായി ഉപയോഗിക്കും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയീടാക്കും. ലൈഫ് പദ്ധതിയിലടക്കം ഭവനനിര്‍മാണത്തിനായി കട്ടകള്‍ ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് മേയര്‍ വ്യക്തമാക്കി.

കട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയേഴ്‌സിനെ നിയോഗിക്കും. 14 തുറന്ന വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പാട് ചെയ്യും. പൊങ്കാല കഴിഞ്ഞ് കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കണം. നല്ല ഉദ്ദേശത്തിന് വേണ്ടിയാണ് കട്ടകള്‍ ഉപയോഗിക്കുന്നതെന്നും ആറ്റുകാല്‍ പൊങ്കാല തയ്യാറെടുപ്പുകള്‍ അറിയിക്കാനായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അറിയിച്ചു.

പൊങ്കാലയ്ക്ക് ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയതായി മേയര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെപ്പോലെ പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. നഗരസഭയുടെ ശുചീകരണതൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തിന് നേതൃത്വം നല്‍കും. നഗരസഭാ കരാറുകാര്‍, ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍, കാറ്ററിങ് ഓണേഴ്‌സ് അസോസിയേഷന്‍, സര്‍വീസ് പ്രമോട്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടക്കം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *