• Sat. Sep 21st, 2024
Top Tags

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം; പുകശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എത്രയും വേ​ഗം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Bydesk

Mar 6, 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെൻ്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.രൂക്ഷമായ പുകശല്യം കാരണം നിരവധിയാളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചിട്ടുണ്ട്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവമായുണ്ടാക്കിയതാണെന്ന ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *