• Fri. Sep 20th, 2024
Top Tags

പരീക്ഷണമായി എസ്എസ്എൽസി ഹിന്ദി; അധ്യാപകരുടെ പാണ്ഡിത്യ പ്രകടനമെന്ന് വിമർശനം

Bydesk

Mar 16, 2023

ഇന്നലെ (15.03.203) നടന്ന എസ്എസ്എൽസി ഹിന്ദി പരീക്ഷ കഠിനമെന്ന് ആരോപണം. കോവിഡ് മൂലം പഠനരംഗത്ത് ഉണ്ടായ വിടവിന് ശേഷം പരീക്ഷ എഴുതിയ കുട്ടികളെ പരീക്ഷിക്കുന്ന ചോദ്യങ്ങൾ ഇന്നലത്തെ പരീക്ഷയിൽ ഉണ്ടായിരുന്നു എന്ന് ഹിന്ദി അധ്യാപകർ ആരോപിച്ചു. പഠന വിടവിന് ശേഷം പരീക്ഷ എഴുതുന്ന കുട്ടികളുടെ നിലവാരം കണക്കിലെടുക്കാതെയായിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് കേരളത്തിലെ ഹിന്ദി അധ്യാപകരുടെ സംഘടനയായ ഹിന്ദി അധ്യാപക മഞ്ച് പ്രസ്താവനയിൽ പറഞ്ഞു.

“പത്രവാർത്തയും സംഭാഷണവും ഓപ്ഷനായി ചോദിച്ചതും, ആ ചോദ്യങ്ങൾ പാഠഭാഗത്തിലെ ധാരാളം പ്രധാന സംഭവങ്ങൾ ഒഴിവാക്കി കുട്ടിക്ക് എഴുതാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ചോദിച്ചതും ചോദ്യകർത്താവിൻറെ മികവ് കാണിക്കാൻ മാത്രമാണെന്നന്ന് HAM അക്കാദമിക് കൗൺസിൽ വിലയിരുത്തി.” – ഹിന്ദി അധ്യാപക മഞ്ച്

“ഇന്നലത്തെ പരീക്ഷയിൽ സിലബസിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കവിതകളും ഒരു പാഠഭാഗവും ഒഴിവാക്കിയത് വിദ്യാർഥികൾക്ക് തിരിച്ചടിയായി.” പാലക്കാട് തിരുവഴിയാട് സർക്കാർ ഹൈ സ്കൂളിലെ ഹിന്ദി അധ്യാപകൻ ദിനേശ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. സാധാരണ പരീക്ഷകളിൽ എളുപ്പമുള്ള ചോദ്യങ്ങളിൽ നിന്ന് കഠിനമായ ചോദ്യങ്ങളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ, ആദ്യ ചോദ്യം തന്നെ കുട്ടികൾക്ക് മനസിലാകാത്ത രീതിയിലാണ് ചോദിച്ചത്. കൂടാതെ, എല്ലാ കുട്ടികൾക്ക് ഒരേ പോലെ ഉത്തരം നൽകാൻ സാധിക്കുന്നതായ ‘വിശേഷണ ശബ്ദം’ തിരഞ്ഞെടുക്കുന്നതിനുള്ള ചോദ്യം ഇതുവരെ എസ്എസ്എൽസിക്ക് ചോദിച്ച മാതൃകയിൽ ആയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സൗഹൃദമാകേണ്ട പേപ്പർ ചോദ്യകർത്താവ് തന്റെ പാണ്ഡിത്യം തെളിയിക്കാനുള്ള വേദിയായി മാറ്റി എന്ന് അദ്ദേഹം ആരോപിച്ചു.

അതികഠിനമായി ചോദ്യപേപ്പർ നിർമിച്ചതിൽ വിദ്യാർത്ഥികൾകളുടെയും ഹിന്ദി അധ്യാപകരുടെയും പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. ലളിതമായി ഹിന്ദിയുടെ എസ്എസ്എൽസി മോഡൽ പരീക്ഷ നേരിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നലെ വിദ്യാർത്ഥികൾ പരീക്ഷ ഹാളിലേക്ക് എത്തിയത്. എന്നാൽ, ചോദ്യ പേപ്പർ വായിച്ചതും കുട്ടികളുടെ ആത്മവിശ്വാസം തകർന്നു എന്ന് അധ്യാപകർ വ്യക്തമാക്കി. ഇങ്ങനെ കുട്ടികളെ തീരെ മുഖവിലക്കെടുക്കാതെ തങ്ങളുടെ പാണ്ഡിത്യ പ്രദർശനത്തിനായി ചോദ്യപേപ്പർ തയ്യാറാക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കേരള കുട്ടികൾക്കുണ്ടായ മനോവിഷമത്തിന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദി അധ്യാപക മഞ്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *