• Fri. Sep 20th, 2024
Top Tags

പഴശ്ശി കനാലിന്റെ പ്രധാന കനാലിൽ ട്രയൽ റൺ; ആശങ്കയും പ്രതീക്ഷയുമായി നാട്ടുകാർ

Bydesk

Mar 22, 2023

കൂത്തുപറമ്പ്∙ പഴശ്ശി കനാലിന്റെ മാഹി ഭാഗത്തേക്കുള്ള പ്രധാന കനാലിൽ വെള്ളം തുറന്ന് വിടുമ്പോൾ നാട്ടുകാർ ആശങ്കയിൽ. കനാലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കാടുകളും നീക്കം ചെയ്യാതെ വെള്ളം ഒഴുക്കി വിടുന്നതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. പരീക്ഷണാടിസ്ഥാനത്തിൽ പഴശ്ശി ഡാം മുതൽ പ്രധാന കനാലിലെ 15 കിലോമീറ്ററിലേറെ ദൂരം നവീകരണം പൂർത്തിയാക്കിയാണ് വെള്ളം തുറന്ന് വിട്ടത്.

നീരൊഴുക്കിന് വൻ തടസ്സങ്ങളൊന്നുമില്ലെങ്കിൽ കൂടുതൽ വെള്ളം കനാലിലൂടെ ഒഴുക്കി വിടാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. പഴശ്ശി കനാലിന്റെ പ്രധാന ഭാഗങ്ങൾ വരുന്ന മാങ്ങാട്ടിടം, കോട്ടയം, പാട്യം പഞ്ചായത്തുകളും കൂത്തുപറമ്പ് നഗരസഭയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കനാൽ പരിസരമാകെ കാടുമൂടി കിടക്കുകയാണ്. ചപ്പ് ചവറുകൾ നിറ‍ഞ്ഞ് കനാൽ മലിനമായിരിക്കുകയുമാണ്.

ഒഴുക്കി വിടുന്ന വെള്ളം ഇവിടെ കെട്ടി നിൽക്കുമ്പോൾ ചപ്പുചവറുകൾ അഴുകി സമീപത്തെ ജലശ്രോതസുകൾ മലിനപ്പെടുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. കനാൽ പരിസരത്തെ വീട്ടുടമകളും ഇതേ ആകുലതയാണ് പങ്കുവച്ചിട്ടുള്ളത്. കോടികൾ ചെലവഴിച്ച് നിർമിച്ച ജലസേചന കനാലുകളിൽ വീണ്ടും വെള്ളം നിറയുമ്പോൾ കർഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. കനാൽ മുഴുവൻ കാട് മൂടിയും കൂറ്റൻ മരങ്ങൾ വളർന്നും കിടക്കുമ്പോൾ കാട്ടുപന്നികളും പെരുമ്പാമ്പും മറ്റ് വന്യജീവികളും ഇവിടെ തമ്പടിച്ച് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടായിട്ടുള്ളത്.

ഒരു കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്താൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്നാണ് കണക്ക്. നാളെയോടെ ആമ്പിലാട്, കൂത്തുപറമ്പ് മേഖലയിൽ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. ചോർച്ചയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ട്രയൽ റൺ നടത്തി പരിശോധിക്കുക. ആമ്പിലാട് നേരത്തെ ചോർച്ച കണ്ടെത്തിയ ഭാഗത്ത് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്.മാങ്ങാട്ടിടം പഞ്ചായത്തും കൂത്തുപറമ്പ് നഗരസഭയും ചേരുന്ന പ്രദേശങ്ങളിൽ കനാലിൽ ഇപ്പോൾ തന്നെ അൽപാൽപം വെള്ളമുണ്ട്. എന്നാൽ കോട്ടയം പഞ്ചായത്തിന്റെയും പാട്യം പഞ്ചായത്തിന്റെയും ഭാഗങ്ങളിൽ കാട് മൂടിയ കനാൽ പൂർണമായും വരണ്ട് കിടക്കുകയുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *