• Fri. Sep 20th, 2024
Top Tags

വേനൽച്ചൂടും വോൾട്ടേജ് ക്ഷാമവും; മലയോര കർഷകർക്ക് ഇരട്ടപ്രഹരം

Bydesk

Mar 22, 2023

ചെറുപുഴ ∙ വേനൽ കടുത്തതോടെ മലയോര മേഖലയിൽ കൃഷികൾ വ്യാപകമായി ഉണങ്ങി നശിക്കാൻ തുടങ്ങി. തെങ്ങ്, കമുക്, വാഴ, കുരുമുളക്, ജാതി, കശുമാവ് തുടങ്ങിയവയെല്ലാം വേനൽ ബാധിച്ചു. ചൂട് കടുത്തതോടെ ജലക്ഷാമം രൂക്ഷമാകുകയും ജലസേചനം നടത്താൻ പറ്റാതാവുകയും ചെയ്തതോടെയാണു കൃഷി ഉണങ്ങി നശിക്കാൻ തുടങ്ങിയത്. ഫെബ്രുവരി മുതലേ നഗര മേഖലയിലേക്കാൾ ചൂട് കൂടുതലാണ് മലയോരത്ത്. ഇതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി.

മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴയുടെ പല ഭാഗങ്ങളും ഇതിനകം തന്നെ വറ്റിവരണ്ടു. ഇതോടെയാണു ജലസേചനം മുടങ്ങിയത്. പുഴയിലെ ചില കയങ്ങളിൽ മാത്രമാണ് ഇനി വെള്ളം ശേഷിക്കുന്നത്. പുഴകളിൽ മാത്രമല്ല, കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുത്തനെ കുറഞ്ഞ സ്ഥിതിയാണ്. ശുദ്ധജലക്ഷാമം നേരിട്ടു തുടങ്ങിയതോടെ പുഴയിൽ നിന്നു കൃഷിയാവശ്യത്തിനു വെള്ളം എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയരാനും തുടങ്ങിയിട്ടുണ്ട്. ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് കർഷകർ.

ഇരുട്ടടിയായി മലയോരത്ത് വോൾട്ടേജ് ക്ഷാമവും

ജലക്ഷാമത്തിനു പുറമേ മലയോര മേഖലയിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമവും കർഷകർക്ക് തിരിച്ചടിയാണ്. ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട പുളിയിട്ടവയൽ ഭാഗത്ത് വോൾട്ടേജ് ക്ഷാമം മൂലം ജലസേചനം നടത്താനാവാതെ കർഷകർ ദുരിതത്തിലാണ്. ഇവിടെ പകൽ സമയത്തു പോലും വോൾട്ടേജ് ഇല്ലാത്ത സ്ഥിതിയാണ്. രാത്രി എൽഇഡി, ട്യൂബ് ലൈറ്റുകൾ കത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ വൈദ്യുതി ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിട്ടും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. പമ്പിങ് നടക്കാത്തതിനാൽ കൃഷി വിളകൾ വ്യാപകമായി നശിക്കുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ.

മികച്ച കുരുമുളക് കർഷകനുള്ള അവാർഡ് 2 തവണ നേടിയ ചെറുപുഴ പഞ്ചായത്തിലെ പുളിയിട്ടവയലിലെ മൈലാടൂർ ജോണിയുടെ കുരുമുളക്, കമുക് ഉൾപ്പെടെയുള്ള കൃഷിയിടം ജലസേചനം നടത്താത്തതുമൂലം ഉണങ്ങിനശിക്കാൻ തുടങ്ങി. ഇതിനു പ്രധാന കാരണം വോൾട്ടേജ് ക്ഷാമമാണെന്നു ജോണി പറയുന്നു. വർഷങ്ങൾക്ക് മുൻപ് വളരെ കുറച്ചു വീടുകൾ മാത്രമാണു പ്രദേശത്തുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 150ലേറെ വീടുകളുണ്ട്. വൈദ്യുതി വിതരണം ഈ ഭാഗത്ത് കാലാനുസൃതമായി മാറിയിട്ടില്ല. ഇതാണു വോൾട്ടേജ് ക്ഷാമം രൂക്ഷമാകാൻ പ്രധാന കാരണമെന്നു ജോണി പറയുന്നു. പുളിയിട്ടവയൽ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കൃഷികൾക്ക് ജലസേചനം നടത്താൻ സാധിക്കാത്തതിനു പുറമേ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഉറങ്ങാതെ ഇരുന്നു വേണം വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനെന്നാണ് വീട്ടമ്മമാർ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *