കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം വീണ്ടും. ആശുപത്രി വാർഡുകളിൽ പുതുതായി പണിത ശുചിമുറികൾ നശിപ്പിച്ചു. ക്ലോസെറ്റും ഫൈബർ സീറ്റും ഇളക്കി നശിപ്പിച്ചു. മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ശുചിമുറി മദ്യപന്മാരുടെ താവളമാക്കുന്നതായി പരാതിയുണ്ട്. അനധികൃതമായി മദ്യം വിൽപന നടത്തുന്നതു ശുചിമുറി കേന്ദ്രീകരിച്ചാണെന്ന പരാതിയുണ്ട്.
കഴിഞ്ഞ മാസവും ആശുപത്രിയിലെ ശുചിമുറിയിൽ സാമൂഹികവിരുദ്ധർ ആക്രമണം നടത്തിയിരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയിലെ വിവിധ വാർഡുകളിൽ നവീകരണ പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതു ശുചിമുറിയും വാർഡുകളിലെ ശുചിമുറിയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത ഏഴ്, മൂന്ന് നിലകളിലെ ശുചിമുറിയിലാണ് സാമൂഹിക വിരുദ്ധ ആക്രമണം നടന്നത്.