• Fri. Sep 20th, 2024
Top Tags

വെയിലുദിച്ചാൽ വെള്ളമില്ല; ഇതുമൊരു ജലവിതരണ പദ്ധതി

Bydesk

Apr 11, 2023

പയ്യന്നൂർ ∙ 4 ഭാഗത്തും വെള്ളമുള്ള നാട്ടിൽ ശുദ്ധജല വിതരണ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 70 കോടിയിൽ അധികം രൂപ. എന്നാലോ… വെയിലുദിച്ചാൽ വെള്ളം കിട്ടില്ലെന്ന സ്ഥിതിയും. ഏഴിമല നാവിക അക്കാദമിക്കും പെരിങ്ങോം സിആർപിഎഫ് ക്യാംപിനും രാമന്തളി പഞ്ചായത്തിനുമുള്ള ശുദ്ധജല പദ്ധതിക്കാണ് ഈ ദുർഗതി. ഫലത്തിൽ 70 കോടി രൂപ ‘വെള്ളത്തിലായ’ അവസ്ഥ.

പണമൊഴുക്കിയ പല വഴികൾ

ഏഴിമല നാവിക അക്കാദമിയുടെ പ്രാരംഭഘട്ടത്തിൽ 1999ൽ നിർമാണത്തിനു വേണ്ടിയുള്ള ജലവിതരണത്തിനു നിർമിച്ചത് 5 കിണറുകളും ജലസംഭരണികളുമായിരുന്നു. ഇതിന് അന്നു ചെലവഴിച്ചത് അരക്കോടിയിലധികം രൂപയാണ്. കെഡറ്റുകളുടെ പരിശീലനം തുടങ്ങിയപ്പോൾ 40 ലക്ഷം രൂപ ചെലവഴിച്ച് ജലശുദ്ധീകരണ‌ശാല സ്ഥാപിച്ചു. നാവിക അക്കാദമി ശുദ്ധജല പദ്ധതിക്ക് 2007ൽ 35 കോടി രൂപ കൂടി അനുവദിച്ചു.അക്കാദമിയിലേക്കുള്ള കുടിവെള്ള പദ്ധതിയിൽ നിന്നു രാമന്തളി പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിക്ക് 2007ൽ ചെലവഴിച്ചത് 4.36 കോടി രൂപ. കാക്കടവ് പുഴയോരത്തു നിന്നാണ് ശുദ്ധജലം കൊണ്ടുവരുന്നത്.

അതിനു വേണ്ടി 2008 മുതൽ 2021 വരെ 13 വർഷം താൽക്കാലിക തടയണ നിർമിക്കാൻ വർഷം 8 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചെലവഴിച്ചു. ഈ ഇനത്തിൽ 2 കോടിയിലധികം രൂപ ചെലവായി. 10 കോടി രൂപ ചെലവിൽ കഴിഞ്ഞ വർഷം കാക്കടവ് പുഴയിൽ തടയണ പൂർത്തീകരിച്ചു. ജൽജീവൻ മിഷൻ പദ്ധതിയിൽ 11 കോടി രൂപ ചെലവഴിച്ച് രാമന്തളി പഞ്ചായത്തിൽ ഹൗസ് കണക്‌ഷനുകളും നൽകി. എന്നിട്ടും, വേനൽ കടുത്താൽ ഈ പദ്ധതിയിൽ നിന്ന് ഒരിറ്റു വെള്ളം കിട്ടില്ലെന്നതാണു സ്ഥിതി.

തുള്ളി കുടിക്കാൻ… 

നാലുഭാഗവും വെള്ളം. അതിനു നടുവിലാണ് രാമന്തളി പഞ്ചായത്തും ഏഴിമല നാവിക അക്കാദമിയും. പുഴയും കടലും അതിരിടുന്ന നാട്. ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, സമതലം, തീരപ്രദേശം എന്നിങ്ങനെ ഈ പഞ്ചായത്തിനെയും നാവിക അക്കാദമി പ്രദേശത്തെയും തരം തിരിക്കാം. എങ്കിലും 90 ശതമാനം കുടുംബങ്ങളും ശുദ്ധജലത്തിനായി ആശ്രയിക്കുന്നതു സ്വന്തം കിണറുകളെയാണ്. വേനലിൽ കുന്നിൻപ്രദേശത്തെ കിണറുകൾ വറ്റി വരളും. തീരപ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറും. ഇതിനു പരിഹാരമായാണ് കാര്യങ്കോട് പുഴയിൽ കാക്കടവ് പ്രദേശം പദ്ധതിയുടെ സ്രോതസ്സായി കണ്ടെത്തിയത്.

കാത്തില്ല, കാക്കടവ്

1987ൽ 6.88 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് കാക്കടവിൽ പദ്ധതി തുടങ്ങിയത്. അന്നു തന്നെ ഈ പദ്ധതി വിജയകരമാകില്ലെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. പുഴയിൽ തടയണ കെട്ടിയാൽ വെള്ളം കിട്ടുമെന്നായിരുന്നു അധികൃതരുടെ വാദം. 7 കോടി രൂപയിൽ താഴെ ചെലവു വരുന്ന പദ്ധതിക്കു സർക്കാരും എളുപ്പത്തിൽ അനുമതി നൽകി. എന്നാൽ, നിർമാണം തുടങ്ങുമ്പോൾ 34 കിലോമീറ്റർ നീളമുള്ള ഗ്രാവിറ്റി മെയിൻ എസി പൈപ്പിനു പകരം ഡിഐ പൈപ്പാക്കുകയും സാങ്കേതിക പ്രശ്നങ്ങൾ മൂലം പൈപ്പ്‌ലൈനിന്റെ റൂട്ട് മാറ്റുകയും തുക പല തവണ പുതുക്കുകയും ചെയ്തപ്പോൾ നിർമാണ ചെലവ് 35 കോടി രൂപയായി.

2007 മേയ് 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതേ സമയത്ത് തന്നെ ഈ പദ്ധതിയിൽ നിന്ന് രാമന്തളി പഞ്ചായത്തിലെ ജനങ്ങൾക്കും ശുദ്ധജലം നൽകാൻ ധാരണയായി. നബാർഡിന്റെ സഹായത്തോടെ 4.36 കോടി രൂപ ചെലവഴിച്ച് രാമന്തളി ശുദ്ധജല പദ്ധതിയും നടപ്പാക്കി. അന്നു പയ്യന്നൂർ എംഎൽഎയും മന്ത്രിയും ആയ പി.കെ.ശ്രീമതി മുഖ്യമന്ത്രിക്കൊപ്പം രാമന്തളി ശുദ്ധജല പദ്ധതിയും ഉദ്ഘാടനം ചെയ്തു. തൊട്ടുപിന്നാലെ പെരിങ്ങോം സിആർപിഎഫിനും രണ്ടരക്കോടി രൂപ ചെലവഴിച്ച് ഈ പദ്ധതിയിൽ നിന്നു വെള്ളം നൽകി.

എന്നാൽ, രാമന്തളിക്കാർക്കു ശുദ്ധജലം ആവശ്യമുള്ള സമയത്ത് വെള്ളം നൽകാൻ ജല അതോറിറ്റിക്ക് കഴിഞ്ഞില്ല. കാക്കടവ് പുഴയിൽ വെള്ളം പമ്പ് ചെയ്യുന്ന കിണറിനു സമീപം ആവശ്യത്തിനു വെള്ളമില്ലെന്ന കാരണമാണ് പറഞ്ഞത്. അതുകൊണ്ട് പുഴയിൽ വെള്ളം തടഞ്ഞു നിർത്താൻ ഓരോ വർഷവും താൽക്കാലിക തടയണ നിർമിച്ചു. അതിനു വർഷം തോറും 8 മുതൽ 15 ലക്ഷം രൂപ വരെ ചെലവഴിച്ചു. എന്നാൽ പരിഹാരം മാത്രം ഉണ്ടായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *