• Fri. Sep 20th, 2024
Top Tags

വെള്ളൂന്നിയിൽ കരിമ്പുലിയെ കണ്ടെന്ന് നാട്ടുകാർ; ഉറപ്പിക്കാതെ വനംവകുപ്പ്

Bydesk

Apr 14, 2023

വെള്ളൂന്നി∙ കരിമ്പുലിയെ കണ്ടതായി നാട്ടുകാർ. ഉറപ്പിച്ച് പറയാനാകാതെ വനം വകുപ്പ്. മലയോര മേഖലയിലെ കർഷകർ വീണ്ടും ആശങ്കയിലായി. കണ്ടംതോട് മേഖലയിലാണ് പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്. ഇന്നലെ രാവിലെ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ അടുത്തുളള മരത്തിന് സമീപത്ത് നിന്ന് പുലി ഓടി പോകുന്നത് കണ്ടതായി കുന്നോല അച്ചാമ്മ എന്ന വീട്ടമ്മയാണ് അറിയിച്ചത്. കറുത്ത വലിയ ജീവിയെ ആണ് കണ്ടതെന്ന് അച്ചാമ്മ പറയുന്നു. അതിനാൽ തന്നെ പ്രദേശത്ത് എത്തിയിട്ടുള്ളത് കരിമ്പുലി ആണെന്ന് സംശയവും ഉയർന്നിട്ടുണ്ട്. പുലിയെ പോലെ ഉള്ള കറുത്ത ജീവിയെ കണ്ട് ഭയന്നു പോയ അച്ചാമ്മ വിവരം വീട്ടിലുള്ളവരെ അറിയിക്കാൻ തിരികെ വന്ന സമയത്തിനുള്ളിൽ വന്യജീവി കടന്നു കളഞ്ഞു. തുടർന്ന് അയൽവാസികളും നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലി ഉണ്ടെന്ന് ഉറപ്പാക്കാൻ കഴിയുന്ന തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഇതാദ്യമായാണ് പ്രദേശത്ത് കരിമ്പുലി ഉണ്ടെന്ന സംശയം ഉയരുന്നത്. അടുത്ത പ്രദേശത്ത് നിന്ന് നായയുടെ മൂന്ന് ദിവസത്തോളം പഴക്കം വരുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പട്ടിയെ പുലി കടിച്ചു കൊന്നതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

ആരുടെ പട്ടിയെ ആണ് പുലി പിടിച്ചത് എന്ന് കണ്ടെത്തിയിട്ടില്ല. പട്ടിയെ നഷ്ടപ്പെട്ടതായി ആരും പരാതിപ്പെട്ടിട്ടും ഇല്ല. വെള്ളൂന്നി മേഖലയിൽ നിന്ന് നായ്ക്കളെ കാണാതാകുന്ന സംഭവങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി വനം വകുപ്പും സമ്മതിച്ചിട്ടുണ്ട്. 10 ദിവസം മുൻപ് സമീപ പ്രദേശത്ത് കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പുലി പിടിച്ചിരുന്നു. നെല്ല്നിൽക്കും കാലായിൽ പ്രകാശന്റെ ആടിനെയാണ് അന്ന് പുലി പിടിച്ച് തിന്നത്. ഇതേ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ കുറച്ച് കുറുക്കൻമാരുടെ ദൃശ്യം മാത്രമാണ് ക്യാമറയിൽ ലഭിച്ചതെന്ന് വനം വകുപ്പ് അറിയിച്ചു. സംഭവമറിഞ്ഞ് വാർഡംഗം കൂടിയായ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് സ്ഥലത്ത് എത്തി. വെള്ളൂന്നി മേഖലയിൽ പുലിയുടെ സാന്നിധ്യം ഉളളതായും ഇവയെ പിടി കൂടാനും തുരത്താനും നടപടി സ്വീകരിക്കണം എന്നും പഞ്ചായത്ത് പ്രസിഡന്റ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു.ജനുവരി മധ്യം മുതൽ കേളകം പഞ്ചായത്തിലെയും കൊട്ടിയൂർ പഞ്ചായത്തിലെയും പല പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ആദ്യം പുലിയെ കണ്ടത് കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിലും മീശക്കവലയിലുമാണ്. പിന്നീട് കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ നിന്ന് ഫെബ്രുവരിയിൽ പശു കിടാവിനെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് പുലി ഇല്ല എന്ന് അവകാശപ്പെട്ട വനം വകുപ്പ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെയും നാട്ടുകാരുടെയും നിർബന്ധത്തെ തുടർന്ന് ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ രണ്ടിൽ അധികം പുലികളുടെ ദൃശ്യം പതിഞ്ഞതോടെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. കൂട് സ്ഥാപിച്ച് പുലിയെ പിടി കൂടണം എന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിവിധ കർഷക സംഘടനകളും മുഖ്യമന്ത്രി മുതൽ ഡിഎഫ്ഒ വരെ ഉള്ളവരെ സമീപിച്ചു എങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പുലി വിളയാട്ടം തുടരുന്നതിന് ഇടയിലും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു നടപടിയും സ്വീകരിക്കാതെ വനം വകുപ്പ് മുന്നോട്ട് പോകുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *