• Fri. Sep 20th, 2024
Top Tags

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പൊലീസിന്റെ മുഖം നഷ്ടപ്പെടുത്തി ഇൻസ്പെക്ടറുടെ ‘ഉറഞ്ഞുതുള്ളൽ’

Bydesk

Apr 17, 2023

ധർമടം∙ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ, പൊലീസിന്റെ മുഖം നഷ്ടപ്പെടുത്തിയ സംഭവമാണു വിഷു ദിവസം ധർമടം പൊലീസ് സ്റ്റേഷനിൽ നടന്നത്. തന്നെ എടക്കാട്ടെ ഭാര്യ വീട്ടിൽ നിന്നാണ് ധർമടം പൊലീസ് കാരണമൊന്നും പറയാതെ കസ്റ്റഡിയിൽ എടുത്തതെന്നു സുനിൽ കുമാർ പറയുന്നു.  ‘സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം പൊലീസ് ഇൻസ്‌പെക്ടർ സ്മിതേഷ് തെറി വിളിച്ചു കൊണ്ട് തലയിലും മുഖത്തും തല്ലി. വീട്ടിൽ നിന്നെത്തിയ 75 വയസ്സുള്ള ഹൃദയ സംബന്ധമായ അസുഖമുള്ള അമ്മ രോഹിണിയെയും അടിച്ചു അവർ മുറ്റത്ത് വീണപ്പോൾ തടയാനെത്തിയ വനിത ഉൾപ്പെടെയുള്ള പോലീസുകാരെയും ഇൻസ്‌പെക്ടർ തെറി വിളിച്ചു.’ സുനിൽകുമാർ ആരോപിച്ചു. വൈകിട്ട് 6നു സുനിൽ കുമാറിനെ കസ്റ്റഡിയിൽ എടുത്തതിനെതുടർന്ന് ധർമടം പൊലീസ് സ്റ്റേഷനിലുണ്ടായ പ്രശ്നങ്ങൾ അവസാനിക്കുന്നത് ഇന്നലെ പുലർച്ചെ രണ്ടിനാണ്.

ഇൻസ്പെക്ടർ മാത്രമാണു തന്നെയും കുടുംബത്തെയും ആക്രമിച്ചതെന്നു സുനിൽകുമാർ ആരോപിച്ചു. അതേസമയം വനിതാ പൊലീസുകാരടക്കമുളളവർ സുനിൽകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചു. ഇന്നലെ ധർമടം സ്റ്റേഷനിലും തലശ്ശേരിയിലും എത്തിയ സിറ്റി പൊലീസ് കമ്മിഷണർ പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയും പരിശോധിക്കുകയും ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ഇടക്കാല റിപ്പോർട്ട് നൽകി. ഡിഐജിയുടേതാണു സസ്പെൻഷൻ നടപടി.

ഇൻസ്പെക്ടർ മദ്യലഹരിയിലായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഇന്നലെ മാധ്യമങ്ങളോടു തുറന്നു പറഞ്ഞതു സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾ മുൻപ് ചിറക്കുനിയിൽ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി കോൺഗ്രസ്‌ സ്ഥാപിച്ച ബോർഡ്‌ എടുത്തു മാറ്റുകയും അവിടെ സിപിഎമ്മിന്റെ ബോർഡ്‌ സ്ഥാപിക്കാൻ അനുവദിക്കുകയും ചെയ്തത് ഇതേ ഇൻസ്പെക്ടർക്കെതിരെ വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്ത് കോടതിയിൽ പിഴ അടപ്പിക്കുകയും ചെയ്തു.

പൊലീസുകാരുടെ പെരുമാറ്റം ധിക്കാരത്തോടെ: കുന്നുമ്മൽ ചന്ദ്രൻ

ധർമടം∙ പിണറായി വിജയൻ അധികാരത്തിൽ എത്തിയതിനുശേഷം ധർമടം നിയോജക മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ ധിക്കാരത്തോടെയാണ് പൊതുജനങ്ങളോടുള്ള പെരുമാറ്റമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുന്നുമ്മൽ ചന്ദ്രൻ പറഞ്ഞു. ഇതിന്റെ ഒടുവിലത്തെ സംഭവമാണ് വൃദ്ധമാതാവിനും മക്കൾക്കും ധർമടം പൊലീസ് സ്റ്റേഷനിൽ എസ്എച്ചഒവിൽ നിന്നുണ്ടായ ദുരനുഭവം.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നുവെന്നതിന്റെ പേരിൽ ചിറക്കുനിയിൽ ഭാരത് ജോഡോ യാത്രയുടെ ബോർഡ് അർധരാത്രി എടുത്തു മാറ്റി പ്രശ്നം സൃഷ്ടിച്ചത് ഇതേ ഉദ്യോഗസ്ഥനാണെന്നും ആരോപിച്ചു. ഈ സമീപനം തന്നെയാണ് എടക്കാട് പൊലീസ് സ്റ്റേഷനിലേതും. പൊലീസിന് തന്നെ അപമാനകരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുന്നുമ്മൽ ചന്ദ്രൻ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ∙ മകനെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ അമ്മയോട് മോശമായി പെരുമാറിയ ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്നും 19ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.‌‌ അതിനിടെ, ധർമടം പൊലീസ് സ്റ്റേഷനിൽ വൃദ്ധമാതാവിനെയും മക്കളെയും മർദിച്ച സംഭവത്തിൽ ധർമടം പൊലീസ് ഇൻസ്‌പെക്ടർ കെ.വി.സ്മിതേഷിനെതിരെ കേസ് എടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മമ്പറം കീഴത്തൂർ ബിന്ദു നിവാസിൽ രോഹിണി (75)യെയും മക്കളെയും മർദിക്കുകയും കാറിന്റെ ചില്ലു തകർക്കുകയും ചെയ്തുവെന്ന സംഭവത്തിലാണ് കേസ്.

ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്റെയും തെറിവിളിക്കുന്നതിന്റെയും വിഡിയോ 

തലശ്ശേരി ∙ മുഖ്യമന്ത്രിയുടെ മണ്ഡല പരിധിയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ മധ്യവയസ്കനും വൃദ്ധമാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും നേരെ പൊലീസിന്റെ ക്രൂരമർദനം. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ല് ഇൻസ്പെക്ടർ തകർത്തതായും പരാതി. സംഭവത്തിൽ, ധർമടം എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.വി.സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. സ്വകാര്യ ബസ് ഉടമ മമ്പറം കീഴത്തൂർ ബിന്ദു നിവാസിൽ കെ. സുനിൽകുമാർ (53), മാതാവ് രോഹിണി (75), സഹോദരൻ ബിജു (45), സഹോദരി ബിന്ദു (40) സഹോദരി പുത്രൻ ദർശൻ (23) എന്നിവരെ ധർമടം സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സ്മിതേഷാണു മർദിച്ചത്.

ഇൻസ്പെക്ടർ ഇവർക്കെതിരെ സ്റ്റേഷനിൽ ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്റെയും തെറിവിളിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കുടുംബത്തിനു നേരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും സംഭവസമയം ഇൻസ്പെക്ടർ മദ്യലഹരിയിലായിരുന്നുവെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു.ശനിയാഴ്ചയാണു സംഭവം. എടക്കാട് റെയിൽവേ ഗേറ്റിനു സമീപം ഭാര്യവീട്ടിലായിരുന്ന സുനിൽ‌കുമാറിനെ വൈകിട്ട് 6 മണിയോടെ ധർമടം പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ 3 പൊലീസുകാർ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

രാത്രി സ്റ്റേഷനിൽ എത്തിയ ഇൻസ്പെക്ടർ കാരണമൊന്നും പറയാതെ ലാത്തി ഉപയോഗിച്ചു ക്രൂരമായി മർദിക്കുകയായിരുന്നു. സുനിൽ കുമാറിനെ തിരക്കി കുടുംബാംഗങ്ങൾ സ്റ്റേഷനിലെത്തിയപ്പോൾ അവർക്കുനേരെയും അതിക്രമം നടന്നു. ലാത്തി ഉപയോഗിച്ച് അമ്മയെയും സഹോദരങ്ങളെയും ഇൻസ്പെക്ടർ മർദിക്കുകയും അവരെത്തിയ കാറിന്റെ ചില്ല് തകർക്കുകയും ചെയ്തെന്നു സുനിൽ കുമാർ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിൽ കഴിയുന്ന അമ്മ രോഹിണി സ്റ്റേഷൻ മുറ്റത്ത് ഇരുന്നുപോയപ്പോൾ അവരെ അവിടെ നിന്നു മാറ്റാൻ ആവശ്യപ്പെട്ട് ഇൻസ്പെക്ടർ അസഭ്യവർഷം തുടങ്ങി.‘അമ്മയ്ക്ക് ഹൃദയത്തിനു സുഖമില്ലെന്നും പെട്ടെന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്നും’ ആരോ പറയുന്നതും സുനിൽകുമാറിന്റെ അമ്മയെ സ്റ്റേഷനിലെ വനിതാ പൊലീസ് എഴുന്നേൽക്കാൻ സഹായിക്കുന്നതും വിഡിയോയിലുണ്ട്.

ബന്ധുക്കൾ തലശ്ശേരി എഎസ്പി ഓഫിസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കൂത്തുപറമ്പ് എസിപി മൂസ വള്ളിക്കാടൻ രാത്രി തന്നെ ധർമടം പൊലീസ് സ്റ്റേഷനിൽ എത്തി. സുനിൽകുമാറും അമ്മയുമടക്കമുള്ളവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ട് 6ന് കസ്റ്റഡിയിലെടുത്ത തന്നെ പുലർച്ചെ 2നാണു സ്റ്റേഷനിൽ നിന്നു വിട്ടതെന്നും സുനിൽകുമാർ പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതിയും നൽകി. സംഭവം വിവാദമായതോടെ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഇന്നലെ തലശ്ശേരിയിൽ എത്തി അന്വേഷണം നടത്തി.

രണ്ടാഴ്ച മുൻപ് മീത്തലെപീടികയിൽ സുനിൽകുമാറിന്റെ ബസ് എടാട്ട് സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ നഷ്ടപരിഹാരമായി 20,000 രൂപ ഇൻസ്പെക്ടർ  ആവശ്യപ്പെട്ടു. എന്നാൽ, എതിർഭാഗവുമായി സംസാരിച്ച് 3000 രൂപയ്ക്ക് താൻ കേസ് ഒത്തു തീർത്തിരുന്നെന്നും അതിന്റെ വൈരാഗ്യമാകാം ഈ അതിക്രമത്തിന്റെ കാരണമെന്നും സുനിൽ കുമാർ പറഞ്ഞു. അതിനിടെ, ശനിയാഴ്ച പകൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു സുനിൽകുമാറിനെതിരെ ധർമടം പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *