• Fri. Sep 20th, 2024
Top Tags

ആറളം ഫാം പുനരധിവാസ മേഖലയിൽ 40 ഏക്കറിൽ കാർഷിക–പൂച്ചെടി വിപ്ലവം

Bydesk

Apr 20, 2023

ഇരിട്ടി∙ കാർഷിക – പൂച്ചെടി വിപ്ലവത്തിനൊരുങ്ങി ആറളം ഫാം പുനരധിവാസ മേഖല. ആറളം പഞ്ചായത്തും ആറളം കൃഷി ഭവനും ജില്ലാ പഞ്ചായത്തും ടിആർഡിഎമ്മും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗവും ചേർന്നാണ് 50 ലക്ഷം രൂപയുടെ സമഗ്ര കാർഷിക വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. പുനരധിവാസ മേഖലയിലെ 250 ആദിവാസി കർഷകരെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.

ബ്ലോക്ക് 13 ൽ തടം കളം കരി മുതൽ 55 കോളനി വരെ ഉള്ള 40 ഏക്കർ സ്ഥലത്ത് കൃഷി പണികൾ തുടങ്ങി കഴിഞ്ഞു. 6 ഏക്കർ സ്ഥലത്ത് പ്രിസിഷൻ ഫാമിങ് രീതി അവലംബിച്ചു പച്ചമുളക് തൈ നട്ടു. റെഡ് ചില്ലീസ് എന്ന പേരിൽ തനതു ബ്രാൻഡ് മുളക് വിപണിയിൽ എത്തിക്കും.വിവിധ പുഷ്പ കൃഷികൾ, വാഴ കൃഷി, ചെറു ധാന്യ കൃഷി, നെൽ കൃഷി, പപ്പായ തോട്ടം, കറിവേപ്പില തോട്ടം, കിഴങ്ങ് വർഗ കൃഷികൾ, പച്ചക്കറി കൃഷി, നഴ്സറികൾ, മഴമറയിൽ പുഷ്പ കൃഷി എന്നിവയാണ് അവശേഷിച്ച 34 ഏക്കറിൽ നടപ്പാക്കുന്നത്.

ഇതിനായും സ്ഥലം ഒരുക്കി. കാട്ടാനയെ പ്രതിരോധിക്കുന്നതിനായി സ്ഥലത്തിനു ചുറ്റും 10 കിലോമീറ്റർ ചുറ്റളവിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കും. ജലസേചന ആവശ്യത്തിനായി 3 ഇടത്ത് പൊതു ജലസേചന കിണർ നിർമിക്കുന്ന പണിയും തുടങ്ങി. ഡ്രിപ് ഇറിഗേഷൻ, സ്പ്രിൻക്ലർ ഇറിഗേഷൻ എന്നിവയും ഏർപ്പെടുത്തും.

250 കർഷകരെ ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നിർവഹണം നടത്തുന്നതിനാൽ ആദിവാസികൾക്കു തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനൊപ്പം ദീർഘ കാല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാകും.

ചിട്ടയോടെ നടപ്പാക്കുന്ന വിവിധ കൃഷികളും പൂച്ചെടി വസന്തവും വഴി ഫാം ടൂറിസത്തിന്റെ സാധ്യതയും ഉപയോഗപ്പെടുത്താമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വൈസ് പ്രസിഡന്റ് ജെസിമോൾ വാഴപ്പള്ളി, കൃഷി ഓഫിസർ കെ.വി.നയൻ എന്നിവർ ഒരുക്കങ്ങൾ വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *