• Fri. Sep 20th, 2024
Top Tags

കാട്ടാന കൊന്ന യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ശക്തമായ സമരം: മാർ പാംപ്ലാനി

Bydesk

Apr 22, 2023

ചെറുപുഴ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മലയോര കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബിൻ സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർധന കുടുംബത്തിലെ അംഗമായ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അർഹമായ നഷ്ടപരിഹാരം നൽകാത്ത വനംവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടി നിർഭാഗ്യകരമാണ്.

കാട്ടാനയുടെ ആക്രമണത്തിലാണു യുവാവ് കൊല്ലപ്പെട്ടതെന്നു പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിട്ടും കാട്ടാനയുടെ ആക്രമണത്തിലാണു യുവാവ് കൊല്ലപ്പെട്ടതെന്നതിനു ദൃക്സാക്ഷികളില്ലെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകുന്നത് താമസിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നിർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു. ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ വീട് നേതാക്കൾ സന്ദർശിച്ചിട്ടും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചു ഇനിയും വ്യക്തതയില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നു പറഞ്ഞാണു സർക്കാർ അധികാരത്തിൽ വന്നത്. എന്നിട്ടും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ല.

 

അർഹമായ നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ലഭ്യമാക്കുകയും വേണം. എന്നാൽ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ കണ്ണിൽ ചോരയില്ലാത്ത നിലപാടാണു ഈ നിർധന കുടുംബത്തോട് കാട്ടുന്നത്. പ്രശ്നത്തിൽ മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ഇടപ്പെടണമെന്നും കേരള കർണാടക അതിർത്തിയിൽ വൈദ്യുത വേലി ഇല്ലാത്ത ഭാഗത്തു സുരക്ഷ ഉറപ്പു വരുത്തണമെന്നു ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പുളിങ്ങോം പള്ളി വികാരി ഫാ. ഇമ്മാനുവൽ പൂവത്തിങ്കൽ, കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതാ പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫാ. ജോൺ മണ്ണൂർ, പഞ്ചായത്ത് അംഗങ്ങളായ മാത്യു കാരിത്താങ്കൽ, സിബി എം.തോമസ്, കത്തോലിക്കാ കോൺഗ്രസ് ചെറുപുഴ ഫൊറോന പ്രസിഡന്റ് സിബി ജാതികുളം, യൂണിറ്റ് പ്രസിഡന്റ് സിബി താണപറമ്പിൽ രൂപത കൗൺസിൽ അംഗം മാത്യു തറപ്പേൽ, ഇടവക ട്രസ്റ്റി ആന്റണി വളവനാട്  എന്നിവരും മെത്രാപ്പൊലീത്തയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *