• Fri. Sep 20th, 2024
Top Tags

തുടിമരത്തുള്ള ഞവരകാലായിൽ ബൈജുവിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം വന്ന സംഭവത്തിൽ അയ്യൻകുന്നു പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ എ ജെ നെറ്റിനോടു പ്രതികരിച്ചു.

Bydesk

May 16, 2023

അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ തുടിമരത്തുള്ള ഞവരകാലായിൽ ബൈജുവിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം വന്ന സംഭവത്തിൽ അയ്യൻകുന്നു പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ aj നെറ്റിനോടു പ്രതികരിച്ചു. സി. പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ ബൈജുവിന്റെ വീട്ടിലെത്തിയത്.

ബൈജുവിന്റെ വീട്ടിൽ ഒന്നരമണിക്കൂറോളമാണ് മാവോയിസ്റ്റ് സംഘം ചിലവഴിച്ചത്. ഭക്ഷണമെല്ലാം ഉണ്ടാക്കി വാങ്ങിയതിനുശേഷം അരിയും കറി വയ്ക്കാനുള്ള സാധനങ്ങളുമായി മാവോയിസ്റ്റ് സംഘം തിരിച്ചു പോവുകയായിരുന്നുവെന്ന് കുര്യച്ചൻ പൈമ്പളിക്കുന്നേൽ പറഞ്ഞു. ബൈജുവിന്റെ വീട്ടിൽ ഈ വർഷം രണ്ടാമത്തെ പ്രാവശ്യമാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്. തോക്കും മറ്റ് ആയുധങ്ങളുമടക്കം കൈവശമുള്ള സംഘമാണ് എത്തിയത്.

കഴിഞ്ഞയാഴ്ച രണ്ടാംകടവിൽ തന്നെ മണ്ണൂരാംപറമ്പിൽ ബിജുവിന്റെ വീട്ടിലും ഇതുപോലെ തന്നെ മാവോയിസ്റ്റ് സംഘമെത്തുകയും അരിയും സാധനങ്ങളും വാങ്ങി തിരിച്ചു പോവുകയും ചെയ്തിരുന്നു. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുക മാവോയിസ്റ്റ് സംഘം മലയോര മേഖലയിൽ സജീവമാണ് എന്നതാണ്. ജനങ്ങളെ മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം ഭീതിയിൽ അകപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കാനുള്ള അടിയന്തര നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ഫോറസ്റ്റിനോട് ചേർന്ന് താമസിക്കുന്ന കുറെ പാവപ്പെട്ടവരുടെ വീടുകളാണ് ബൈജുവിന്റെ വീടിന്റെ സമീപമുള്ളത്. ഇത്രകാലമായിട്ടും ആധാരവും പട്ടയും ലഭിക്കാത്ത ഭൂമിയിലാണ് ഈ ജനങ്ങൾ ജീവിക്കുന്നത്. അതിനാൽ തന്നെ ഇവരുടെ സ്ഥലം ഏറ്റെടുക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ സാധിക്കുന്നില്ല. മാവോയിസ്റ്റ് സംഘം സന്ദർശിച്ച ബൈജുവിന്റെ വീട് തീർത്തും ശോചനീയാവസ്ഥയിൽ ഉള്ളതാണ്. 25 സെന്റിൽ കൂടുതൽ സ്ഥലമുള്ളവർക്ക് വീട് കിട്ടാത്തതുകൊണ്ട് രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലമുള്ള ബൈജുവിന് വീട് ലഭ്യമാകാനുള്ള പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭ്യമല്ല. അതിനാൽ തന്നെ ഈ മേഖലയിൽ ഒരു വീട് എന്നത് ബൈജുവിനെ പോലുള്ള പാവപ്പെട്ട ജനങ്ങളുടെ സ്വപ്നമാണ്. ഇതിനെല്ലാം ഉള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വയസ്സായിട്ടുള്ള അമ്മയടക്കം താമസിക്കുന്ന ബൈജുവിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം സൗഹൃദപരമായാണ് ഇടപഴകിയത്. മലമടക്കുകളിൽ മാവോയിസ്റ്റിന്റെ സാന്നിധ്യം സജീവമാകുമ്പോൾ പോലീസിന്റെ ഭാഗത്തുനിന്നും ഇവരെ നിരന്തരം ശല്യം ചെയ്യുന്ന നടപടികളാണ് ഉണ്ടാകുന്നത്. പോലീസിന്റെ തുടർച്ചയായി ഉള്ള ചോദ്യം ചെയ്യലും നിയമനടപടികളും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലാകണമെന്നും കുര്യച്ചൻ പൈമ്പളിക്കുന്നേൽ പറഞ്ഞു.

ഒന്നിലധികം തവണ മാവോയിസ്റ്റ് സംഘങ്ങൾ വീട്ടിലെത്തുന്നതും, തുടർന്നുണ്ടാകുന്ന പോലീസിന്റെ നടപടികളും വീട്ടുകാരെ മാനസികമായി സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെ ഉള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *