• Thu. Sep 19th, 2024
Top Tags

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാനിർദ്ദേശം; എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകൾക്ക് മുന്നറിയിപ്പ്

Bydesk

May 24, 2023

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍  നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.

കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *