• Thu. Sep 19th, 2024
Top Tags

തമിഴ്നാട് വനംവകുപ്പിനെ വട്ടം ചുറ്റിച്ച് അരിക്കൊമ്പൻ; വനാതിർത്തിയിലൂടെ സഞ്ചാരം തുടരുന്നു

Bydesk

May 29, 2023

ദൗത്യത്തിൻ്റെ രണ്ടാംദിവസവും തമിഴ്നാട് വനംവകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്നു നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനാകുമോയെന്നാണ് വനപാലക‌‍ർ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പറഞ്ഞു. അരിക്കൊമ്പനെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷൻ കിട്ടിയ സ്ഥലത്തു നിന്ന് 300 മീറ്റർ അടുത്ത് ട്രാക്കർമാരുണ്ടെന്നും എംഎൽഎ അറിയിട്ടു.

അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് സർക്കാരിൻ്റെ ഉത്തരവിറങ്ങിയത്. എന്നാൽ പിടികൊടുക്കില്ലെന്ന വാശിയിലാണ് കൊമ്പനിപ്പോഴും. ജനവാസ മേഖലയിൽ നിന്നും 2 കിലോമീറ്റർ മാറി വനത്തിനുള്ളിൽ നിന്നിരുന്ന കൊമ്പൻ ഇന്നു രാവിലെയാണ് താഴേക്കിറങ്ങി വന്നത്. 200 മീറ്റർ അടുത്തെത്തിയപ്പോൾ തന്നെ വനപാലകർക്ക് ജിപിഎസ് കോളറിലെ സിഗ്നൽ കിട്ടി. ആനയെ കണ്ടെത്താൻ പല സംഘങ്ങളായി തിരിഞ്ഞുള്ള പരക്കം പാച്ചിലിലാണ് ഉദ്യോഗസ്ഥര്‍. എന്നാൽ നടന്നു നീങ്ങുന്ന കൊമ്പന്‍റെ അടുത്തെത്താൻ വനപാലക‍ർക്ക് കഴിഞ്ഞതേയില്ല. കഴിഞ്ഞ ദിവസത്തേക്കാൾ കൊമ്പൻ്റെ നടപ്പിനു വേഗത കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ‍‍

രണ്ടുദിവസമായി കാര്യമായി വെള്ളം കിട്ടാത്തതിനാൽ ക്ഷീണിതനാണെന്ന് കരുതുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തുമ്പിക്കയിലെ മുറിവും ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂത്തനാച്ചി ക്ഷേത്രത്തിൻ്റെ പിന്നാമ്പുറത്തെ മലനിരകൾക്ക് പിന്നിലൂടെ നടന്നു നീങ്ങിയ കൊമ്പൻ ഉച്ചയോടെയെത്തിയത് ഷൺമുഖ നദി ഡാമിനടുത്തുള്ള മലമ്പ്രദേശത്താണ്. ഡാമിൻ്റെ ക്യാച്ച്മെൻ്റ് ഏരിയയിൽ വെള്ളം കുടിക്കാനെത്തുമെന്ന് കരുതി ഉദ്യോഗസ്ഥർ കെണിയൊരുക്കി കാത്തുനിന്നു. എന്നാൽ അവരെ വെട്ടിച്ച് അരിക്കൊമ്പൻ മലയടിവാരത്തിലൂടെ മറ്റൊരിടത്തക്ക് നീങ്ങി. ഇതോടെയാണ് രണ്ടാം ദിവസത്തെ ദൗത്യവും അനിശ്ചിതത്വത്തിലായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *