• Fri. Sep 20th, 2024
Top Tags

സാമ്പത്തിക ക്രമക്കേട്: കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി

Bydesk

Jun 15, 2023

കണ്ണൂർ: സാമ്പത്തിക ക്രമക്കേട് വിവാദത്തിൽ കുറ്റാരോപിതരായ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടിയുമായി കണ്ണൂർ സിപിഎം. ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കളും പാര്‍ട്ടിഭാരവാഹികളുമായ നാലുപേരെ പുറത്താക്കി. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽ മുൻ എസ്എഫ്ഐ നേതാവ് കൂടിയാണ്.

നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് നടപടിയെടുത്തത്.

കണ്ണൂർ ചെറുപുഴ സ്വദേശിയായ കേരള കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. 30 കോടിയുടെ ക്രിപ്റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ 50 ലക്ഷം രൂപ സംബന്ധിച്ച് നേതാക്കളും കേരള കോൺഗ്രസ് നേതാവിന്റെ മകനും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കം രൂക്ഷമാകുന്നതിനിടെ രണ്ടുമാസം മുൻപ് കേരള കോൺഗ്രസ് നേതാവിന്റെ മകന് ഒരു വാഹനാപകടം ഉണ്ടാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ഈ അപകടം ആസൂത്രിതമായി സൃഷ്ടിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് കേരള കോൺഗ്രസ് നേതാവ് എംവി ഗോവിന്ദന് വിശദമായ പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച അദ്ദേഹം വിശദമായി പരിശോധിക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമാണ് അന്വേഷണം നടത്തിയത്. പരാതി ഗുരുതരസ്വഭാവമുള്ളതാണെന്ന് കമ്മിറ്റി അംഗം സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി യോഗം ചേർന്ന് നടപടിയെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *