• Fri. Sep 20th, 2024
Top Tags

കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് അന്വേഷണം അവസാനഘട്ടത്തില്‍

Bydesk

Jun 18, 2023

നാടിനെ നടുക്കിയ ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്.

ഏതാനും സാക്ഷിമൊഴികള്‍കൂടി രേഖപ്പെടുത്തലാണ് ഇനി ശേഷിക്കുന്നത്. രാസപരിശോധന ഫലങ്ങള്‍കൂടി ലഭിക്കുന്നതോടെ കേസന്വേഷണം അവസാനിപ്പിച്ച്‌ കുറ്റപത്രം തയാറാക്കുന്ന നടപടിക്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. കേസിലെ പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസോണ്‍ ജിത്ത് സിക്ദറിനെ (40) ഇനി കസ്റ്റഡിയില്‍ വാങ്ങില്ല. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും അവസാനിപ്പിച്ച്‌ ഒരു ദിവസം മുമ്പേയാണ് തിരിച്ചേല്‍പിച്ചത്.

കേസില്‍ ദുരൂഹതയൊന്നുമില്ലെന്നും പ്രതി തനിച്ച്‌ നടത്തിയ കൃത്യമാണ് തീവെപ്പ് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതി മനോരോഗി തന്നെയാണ്. ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച ഇയാള്‍ ഒന്നരവര്‍ഷം മുമ്പാണ് നാടുവിട്ടത്. മാനസിക പ്രശ്നത്തിന് നാട്ടില്‍ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലിലും മറ്റും കൂലിപ്പണി ചെയ്ത ഇയാള്‍ പിന്നീട് ഭിക്ഷാടനത്തിന് ഇറങ്ങുകയായിരുന്നു എന്നിങ്ങനെയാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഭിക്ഷാടനം വഴിയുള്ള പണം കുറഞ്ഞതിലെ മാനസിക പ്രശ്നമാണ് തീവെപ്പിലേക്ക് നയിച്ചത്. തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച്‌ തീയിട്ടുവെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത ലഭിക്കാനുള്ളത്. തീപ്പെട്ടി ഉപയോഗിച്ച്‌ കത്തിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ പ്രതി,ട്രാക്കില്‍നിന്ന് ലഭിച്ച ഷൂസിന് തീകൊളുത്തി സീറ്റിലിടുകയായിരുന്നുവെന്നാണ് പിന്നീട് പറഞ്ഞത്. രാസപരിശോധന ഫലം വരുന്നതോടെ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍, അസി. കമീഷണര്‍ ടി.കെ. രത്നകുമാര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *