• Thu. Sep 19th, 2024
Top Tags

കനത്തമഴ: പത്തനംതിട്ട കൊട്ടതട്ടി മലയിൽ ഉരുൾപൊട്ടൽ; നാലുവീട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി…

Bynewsdesk

Nov 23, 2023

പത്തനംതിട്ട : കനത്ത മഴയിൽ പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരിൽ കൊട്ടതട്ടി മലയുടെ ചെരിവിൽ ഉരുൾപൊട്ടൽ. സമീപത്തു താമസിച്ചിരുന്ന 4 വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള മേഖലകളിലെ ആളുകൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യത ഉള്ള മേഖലകളിൽനിന്ന് ആളുകൾ ആവശ്യമെങ്കിൽ മാറി താമസിക്കണം. കഴിഞ്ഞ മണിക്കൂറുകളിൽ പത്തനംതിട്ട നഗരപ്രദേശങ്ങളിലും മറ്റുമായി 200 മില്ലീമീറ്ററിന് മുകളിൽ അതിതീവ്ര മഴ ലഭിച്ചു.
മഴയെ തുടർന്ന് 2 മണിക്കൂറോളം പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ്‌ഓഫിസ് റോഡിൽ 5 കടകളിൽ വെള്ളം കയറി. ടികെ റോഡിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. മണ്ണാറമല്ല റോഡിൽ വീട്ടിൽ വെള്ളം കയറി. മതിലുകളും ഭാഗികമായി തകർന്നിട്ടുണ്ട്.

ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം

ദുരന്തസാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളും ഇന്ന് മുതല്‍ 24ാം തീയതി വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എ. ഷിബു ഉത്തരവ് പുറപ്പെടുവിച്ചു.

ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത വര്‍ധിക്കും.
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതല്‍ രാവിലെ 6.00 വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് കട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും ഇന്നു മുതല്‍ 24-ാം തീയതി വരെയും നിരോധിച്ചു. ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല.എന്നാല്‍ ജില്ലയില്‍ 2023 നവംബര്‍ 22 ന് അതിതീവ്ര മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ സ്ഥിതി വിലയിരുത്തി
പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് ജില്ലയിലെ സ്ഥിതി വിലയിരുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ കൃഷിനാശം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനോട് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *