• Sun. Sep 8th, 2024
Top Tags

കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

Bynewsdesk

Nov 24, 2023

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച് ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി നവംബർ 13 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ദേശീയ ആരോഗ്യ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഇതിനുള്ള ഒരു കാരണമായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ആശുപത്രി സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും  ചൈനീസ് അധികൃതര്‍ പറഞ്ഞു.

ബീജിങിലെ ക്യാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്‌സ് ചിൽഡ്രൻസ് ആശുപത്രി രോഗബാധിതരായ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളില്‍ നിന്നാണ് കുട്ടികളില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തില്‍ പല സ്കൂളുകളും താത്ക്കാലികമായി അടച്ചിരിക്കുകയാണ്. ബിജിംഗിലും ലയോണിംഗിലുമാണ് പ്രധാനമായും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

ശ്വാസകോസ വീക്കം, കടുത്ത പനി എന്നീ ലക്ഷണങ്ങളാണ് കുട്ടികളില്‍ പൊതുവായി കാണുന്നത്. എന്നാല്‍ പൊതുവെ ശ്വസന സംബന്ധമായ അസുഖങ്ങളുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ചുമ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അമേരിക്കയിലെ എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗ്ൽ-ഡിംഗ് മാസ്ക് ധരിച്ച ചൈനക്കാരുടെ ദൃശ്യം സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചു.

മൈകോപ്ലാസ്മ ന്യുമോണിയയാണ് ഇതെന്നാണ് ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണിത്. “വാക്കിംഗ് ന്യുമോണിയ” എന്നും അറിയപ്പെടുന്നു. ചിലരില്‍ നേരിയ രോഗലക്ഷണമേ പ്രകടമാവൂ. എന്നാല്‍ ചിലരെ സംബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ സാഹചര്യമുണ്ടായേക്കാം. ഒക്ടോബറിനു ശേഷം പകർച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് കൂടിയിട്ടുണ്ടെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാക്സിനേഷന്‍ എടുക്കുക, രോഗബാധിതര്‍ വീടുകളില്‍ തുടരുക, അസുഖമുള്ളവരില്‍ നിന്ന് അകലം പാലിക്കുക, മാസ്കുകള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നിലവില്‍ ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. ചൈനയിലെ ഡോക്ടർമാരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും കൂടുതല്‍ വിവരം ലഭിക്കുന്നതനുസരിച്ച് അറിയിക്കാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. നേരത്തെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്യാന്‍ വിവരങ്ങള്‍ കൈമാറാനും സഹകരിക്കാനും ചൈന വിമുഖത കാണിച്ചതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *