• Thu. Sep 19th, 2024
Top Tags

ജനകീയ കൂട്ടായ്മയിൽ നിർമിച്ചത് നാലുകിലോമീറ്റർ തൂക്കുവേലി – ഉദ്ഘാടനം മൂന്നിന്

Bynewsdesk

Dec 2, 2023

ഇരിട്ടി : ആറളം പഞ്ചായത്തിലെ പുതിയങ്ങാടി ഗ്രാമത്തെ കാട്ടാനഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ‌യിൽ കക്കുവ മുതൽ പരിപ്പുതോട് വരെ നാലുകിലോമീറ്റർ ദൂരം നിർമിച്ച സോളാർ തൂക്കുവേലി ഉദ്ഘാടനത്തിനൊരുങ്ങി. ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും മൂന്നിന് രാവിലെ 11-ന് പുതിയങ്ങാടി മദ്രസ ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ. നിർവഹിക്കും.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനാകും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ നേതൃത്വം നൽകിയവരെ ആദരിക്കും. കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് മുഖ്യാതിഥിയാകും.

ആറുലക്ഷം രൂപ ചെലവിട്ടാണ് ആറളം പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിൽ പെടുന്ന ഗ്രാമത്തെ സംരക്ഷിക്കാൻ സോളർ തൂക്കുവേലി സ്ഥാപിച്ചത്. കെ.ടി. ജോസ് ചെയർമാനും ജോർജ് ആലാംപള്ളി കൺവീനറും എൻ.മുഹമ്മദ് ഖജാൻജിയുമായ നിർമാണ കമ്മിറ്റി പൂർണമായും ജനകീയമായാണ് ഇത്രയും തുക സമാഹരിച്ചത്.

കാട് വെട്ടിത്തെളിക്കൽ ഉൾപ്പെടെ പരമാവധി പ്രവൃത്തികളും നാട്ടുകാരുടെ നേതൃത്വത്തിലാണ് നടത്തിയത്.

വേലി പൂർത്തിയായതോടെ പുതിയങ്ങാടി ഗ്രാമത്തിലെ 200-ഓളം കുടുംബങ്ങൾക്ക് ആറളം വന്യജീവി സങ്കേതത്തിൽനിന്നും ആറളം ഫാമിൽനിന്നും എത്തുന്ന കാട്ടാനകളെ പേടിക്കാതെ ജീവിക്കാനാകുമെന്നാണു പ്രതീക്ഷ.

മഠപ്പുരച്ചാൽ, കൊക്കോട്, പെരുമ്പഴശ്ശി, പാലപ്പുഴ ഗ്രാമങ്ങളിൽ നേരത്തേ ജനകീയ കമ്മിറ്റികൾ രൂപവത്കരിച്ച് സോളർ തൂക്കുവേലി സ്ഥാപിച്ചതിനെത്തുടർന്നുണ്ടായ കാട്ടാന പ്രതിരോധ വിജയമാണ് പുതിയങ്ങാടി മേഖലയിലെ ജനങ്ങൾക്കും പ്രചോദനമായത്.

കാട്ടാനശല്യം വർധിച്ചതോടെ സെപ്റ്റംബറിൽ പുതിയങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.

ആഴ്ചയിൽ മൂന്നും നാലും തവണ ആനയെത്തുന്ന പ്രദേശം

മേഖലയിൽ ആഴ്‌ചയിൽ മൂന്നും നാലും തവണയാണ് കാട്ടാനക്കൂട്ടമെത്തി വൻ കൃഷിനാശം വരുത്തുന്നത്. ആറളം വനത്തിൽനിന്ന് ആറളം ഫാമിൽ കേന്ദ്രീകരിക്കുന്ന ആനക്കൂട്ടമാണ് പുഴ കടന്ന് ജനവാസമേഖലയിലെത്തുന്നത്. പ്രദേശവാസികൾ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. അധികൃതരിൽനിന്ന് ആനപ്രതിരോധ മാർഗം തീർക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ ഇടയാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *