• Thu. Sep 19th, 2024
Top Tags

വട്ടക്കയം പാലം അപകട ഭീഷണിയിൽ ; കൂരൻമുക്ക് – പെരിയത്തിൽ റോഡ് കാൽനടയ്ക്കുപോലും കൊള്ളില്ല

Bynewsdesk

Dec 2, 2023

ഇരിട്ടി : ഉളിയിൽ-കൂരൻമുക്ക്-വട്ടക്കയം- പെരിയത്തിൽ റോഡ് തകർന്ന് കാൽനടപോലും പറ്റാതായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഉപയോഗിക്കുന്ന റോഡിൽ നിറയെ കുഴികളുമാണ്.

ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള റോഡ് മൂന്ന് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടക്കയം, പെരിയത്തിൽ, കൂരൻമുക്ക് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമുണ്ട്.

ചെറിയ റോഡുപോലും വീതികൂട്ടി മെക്കാഡം ടാറിങ് നടത്തുമ്പോൾ എന്നും അവഗണിക്കപ്പെടുന്ന റോഡാണിത്. വീതികൂടിയ വട്ടക്കയം തോടിന് കുറുകെ നാട്ടുകാരുടെ സഹയത്താൽ നിർമിച്ച പാലവും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.

പാലത്തിന്റെ അടിത്തറയുടെ കല്ലുകൾ പൂർണമായും ഇളകി.

കൂരൻമുക്കിൽനിന്ന് വട്ടക്കയം, പെരിയത്തിൽ വഴി വെളിയമ്പ്ര, പഴശ്ശി പദ്ധതി പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. 1996-ലാണ് പാലം നിർമിച്ചത്. ജനങ്ങളുടെ ഏറെനാളത്തെ മുറവിളിക്കൊടുവിൽ തടയണയായാണ് പാലം നിർമിച്ചത്. വാഹനങ്ങൾക്ക് കടന്നുപോകാൻ തക്കവണ്ണം വീതികൂട്ടി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് കരാറുകാരൻ നാട്ടുകാരുടെ സഹകരണത്തോടെ പാലം അൽപ്പം കൂടി വീതികൂട്ടി നിർമിക്കുകയായിരുന്നു. ഏക സ്വകാര്യ ബസ് കടന്നുപോകുന്നതും ഇതിലൂടെയാണ്.

പാലത്തിലെ കല്ലുകൾ ഇളകി❗

പാലത്തിന്റെ അടിഭാഗത്തെ ഭിത്തിയിലെ കല്ലുകൾ ഉൾപ്പെടെ ഇളകിയ നിലയിലാണ്.

വലിയ വിള്ളൽ വീഴുകയും ചെയ്തു. വാഹനബാഹുല്യം കൂടിയതോടെ ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. കാലവർഷത്തിൽ പാലം കവിഞ്ഞ് വെള്ളമൊഴുകുന്നതും ബലക്ഷയത്തിന് ആക്കം കൂട്ടി.

കൂടുതലായി ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെ❗

കൂരൻമുക്കിൽ നിന്ന് പെരിയത്തിലേക്ക് മൂന്നര കിലോമീറ്ററുണ്ട്. സ്കൂൾ കുട്ടികളും തൊഴിലാളികളുമെല്ലാം കൂടുതലായും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. ഒരു സ്വകാര്യ ബസ് പല സമയങ്ങളിലായി സർവീസ് നടത്തുന്നുണ്ടെങ്കിലും പ്രധാന യാത്രാമാർഗം ഓട്ടോറിക്ഷകളാണ്.

റോഡിൽ വലിയ കുഴികൾ രൂപം കൊണ്ടതോടെ പലരും ഓട്ടംപോകൻ മടിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഒരുദിവസത്തെ പണിമുടക്ക നടത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *