• Thu. Sep 19th, 2024
Top Tags

പാലത്തുംകടവ് പ്രദേശം ഇനി ഒറ്റപ്പെടില്ല

Bynewsdesk

Dec 8, 2023

ഇരിട്ടി : എടൂർ-പാലത്തിൻകടവ് റോഡിൽ കച്ചേരിക്കടവിനും പാലത്തിൻകടവിനുമിടയിൽ മീൻകുണ്ടിൽ റോഡും അനുബന്ധഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞതുമൂലമുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടുകോടിയുടെ സംരക്ഷണഭിത്തി തീർക്കും. പുഴയോടുചേർന്ന ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്.2018-ലെ പ്രളയത്തിലാണ് ഭിത്തി തകർന്നത്. പ്രളയ പുനരുദ്ധാരണ പദ്ധതിയായ റീബിൽഡ് കേരളയിൽ റോഡ് വീതികൂട്ടി നവീകരിക്കാൻ കോടികൾ വകയിരുത്തി നിർമാണം തുടങ്ങിയെങ്കിലും ഇടിഞ്ഞ ഭാഗം സംരക്ഷിക്കാനുള്ള ഒരു പദ്ധതിയും കരാറിൽ ഉണ്ടായിരുന്നില്ല.
ഇതോടെ പാലത്തുംകടവ് പ്രദേശം ഒറ്റപ്പെട്ടുപോകുമോയെന്ന ആശങ്ക ശക്തമായി.

റോഡിന്റെ നവീകരണ പ്രവൃത്തി പാതിവഴിയിൽ നിർത്തേണ്ടിവരുന്ന സാഹചര്യവും കണക്കിലെടുത്താണ് ഭിത്തി നിർമാണത്തിന് പണം അനുവദിച്ചിരിക്കുന്നത്.

90 മീറ്റർ നീളത്തിൽ 12 മീറ്റർ ഉയരവും വരുന്ന ഗ്യാബിയോൺ ഭിത്തിയാണ് നിർമിക്കുന്നത്. പുഴയുടെ അടിത്തട്ടിൽനിന്ന് കോൺക്രീറ്റ് അടിത്തറയ്ക്ക് മുകളിൽ പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് ഭിത്തിയുടെ നിർമാണം.

ഭിത്തിയുടെ നിർമാണം പൂർത്തിയാകുന്നഓരോ ഘട്ടത്തിലും മണ്ണിട്ട് ബലപ്പെടുത്തിയ (നൈയിലിങ്) ശേഷമാണ് അടുത്തഘട്ടം നിർമാണം ആരംഭിക്കുക. ബാരാപോൾ മിനി ജലവൈദ്യുതപദ്ധതി വെള്ളമെത്തുന്ന കനാൽ ഉൾപ്പെടെ കടന്നുപോകുന്ന പ്രദേശമായതിനാൽ ഭാവിയിലെ മണ്ണിടിച്ചൽ ഭീഷണികൂടി ചെറുക്കുന്ന രീതിയിലാണ് ഭിത്തി നിർമാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *