• Thu. Sep 19th, 2024
Top Tags

വെടിക്കെട്ട് ഒഴിവാക്കാം; തുക ജീവകാരുണ്യ പ്രവൃത്തികള്‍ക്ക്-മാര്‍ ജോസഫ് പാംപ്ലാനി

Bynewsdesk

Dec 21, 2023

കണ്ണൂര്‍: പള്ളിത്തിരുനാളുകളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളില്‍ വെടിക്കെട്ട് ഒഴിവാക്കി ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്ന് തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

17ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറിലൂടെയാണ് ആര്‍ച്ച്‌ ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിക്കോപ്പുകള്‍ക്ക് ഉപയോഗിക്കുന്ന പണം ഇടവകയിലെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കോ ഭവനരഹിതരായ ഒരു വ്യക്തിക്ക് ഭവനം നിര്‍മിച്ച്‌ നല്കാനോ ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2023 നവംബര്‍ മൂന്നിന് വെടിക്കെട്ടിനെ സംബന്ധിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന ആമുഖത്തോടെയാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താൻ ദേവാലയങ്ങളില്‍ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ പുസ്തകങ്ങളില്‍ പറയുന്നില്ല എന്ന ജസ്റ്റീസ് അമിത് റാവലിന്‍റെ ഉത്തരവും ബിഷപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എക്സ് പ്ലൊസീവ് റൂള്‍സ് പ്രകാരം ജില്ലാ കളക്‌ടറാണ് എക്സ്പ്ലൊസീവ് ലൈസൻസ് നല്കേണ്ടത്.

കളക്‌ടറുടെ അനുവാദം ലഭിക്കാനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ എളുപ്പത്തില്‍ ചെയ്യാൻ കഴിയാത്തതിനാല്‍ ഈ അനുവാദം ലഭ്യമാക്കുന്നത് പ്രായോഗികമല്ല. എല്ലാ ജില്ലകളിലേയും ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടുണ്ട്.അതിനാല്‍, അനുവാദമില്ലാതെ പള്ളികളിലോ പരിസരങ്ങളിലോ വെടിമരുന്നോ അനുബന്ധ സാധനങ്ങളോ സൂക്ഷിച്ചാല്‍ നിയമലംഘനമായി കണക്കാക്കും.

നിയമപരമായി അനുമതി വാങ്ങാതെ വെടിക്കെട്ടു നടത്തിയാല്‍ പള്ളി വികാരി ഒന്നാം പ്രതിയും കൈക്കാരൻമാരും കമ്മിറ്റി അംഗങ്ങളും കൂട്ടുപ്രതികളുമായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെടും.പള്ളിയുടെ പറന്പില്‍വച്ച്‌ വെടിക്കെട്ട് നടന്നാല്‍ ഉത്തരവാദിത്വം വികാരിയച്ചനും കമ്മിറ്റിക്കുമാണെന്ന് പറയുന്ന സര്‍ക്കുലറില്‍ വെടിക്കെട്ട് ഒഴിവാക്കി രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിക്കാൻ ഉത്തരവാദിത്തമുള്ള ഉത്തമ പൗരൻമാരായി പെരുമാറണമെന്നും ആര്‍ച്ച്‌ബിഷപ് സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.

⭕ക്രിസ്മസ് കുര്‍ബാന സമയം ഏകീകരിച്ചു

തലശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ക്രിസ്മസിനോടനുബന്ധിച്ചുള്ള പിറവി തിരുക്കര്‍മങ്ങളുടെ സമയം ഏകീകരിച്ചു. 24 ന് രാത്രി 12 നാണ് പിറവിതിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. പാതിരാവിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാത്തവര്‍ക്ക് പിറ്റേ ദിവസം രാവിലെയും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കഴിഞ്ഞ കുറച്ചുകാലങ്ങളായി പലയിടത്തും വ്യത്യസ്ത സമയങ്ങളില്‍ പിറവി തിരുക്കര്‍മങ്ങള്‍ നടന്നുവന്നിരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *