• Thu. Sep 19th, 2024
Top Tags

ചരിത്രത്തിലാദ്യമായി 300 കടന്നു, റെക്കോർഡ് വിലയിൽ കൊക്കോ; പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരും . വില കുത്തനെ കയറും

Bynewsdesk

Dec 29, 2023

300 കടന്ന് കൊക്കോ വില - LOCAL - ERNAKULAM | Kerala Kaumudi Online

ചരിത്രത്തിൽ ആദ്യമായി ചോക്ലേറ്റിന്റെ മധുരം കർഷകനും നുകർന്നു തുടങ്ങി. നാളിതുവരെ കൊക്കോ ഉൽപാദനത്തിൽ മാത്രം മുഴുകിയ കർഷകർക്ക് ഏറ്റവും ആകർഷകമായ വില സമ്മാനിക്കുന്ന വർഷമായി മാറാനുള്ള ഒരുക്കത്തിലാണ് 2024.

പുതുവർഷം ഇന്ത്യൻ കൊക്കോ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിലയിൽ ഇടപാടുകൾ നടക്കുമെന്ന സൂചനയാണ് രാജ്യാന്തര വിപണിയിലെ സ്പന്ദനങ്ങൾ നൽകുന്നത്.

മികച്ച കാലാവസ്‌ഥ ലഭ്യമായതിനാൽ അടുത്ത സീസണിൽ ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക കർഷകരും. ഫെബ്രുവരി മധ്യത്തോടെ എതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ചരക്ക് എത്തിത്തുടങ്ങും.

കിലോ 245 രൂപയിൽ നിന്നും കൊക്കോ ക്രിസ്മസ് വേളയിൽ ആദ്യമായി 300 രൂപയും കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 312 രൂപയിൽ ഇടപാടുകൾ നടന്നു.

പുതിയ ഉയരം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചെറിയതോതിലുള്ള സാങ്കേതിക തിരുത്തലുകൾ ഉൽപ്പന്നം കാഴ്ച്ചവയ്ക്കാം. പ്രത്യേകിച്ച് ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് വ്യവസായികൾ രംഗത്ത് തിരിച്ചെത്തും വരെയുള്ള ചുരുങ്ങിയ കാലയളവിൽ.

തിരുത്തലിൽ 290-280 റേഞ്ചിൽ കൊക്കോ താങ്ങ് കണ്ടെത്താം. ഇതിലും താഴ്ന്ന് ഇടപാടുകൾ നടക്കേണ്ട സാഹചര്യമില്ലെങ്കിലും വൻകിട സ്റ്റോക്കിസ്റ്റുകൾ പുതുവർഷത്തിൽ കൊക്കോ 340ലേക്ക് ചുവടുവയ്ക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

മഴ പൂർണമായി വിട്ടു നിൽക്കുന്നതിനാൽ ഏറ്റവും മികച്ചയിനം കൊക്കോ വിളവെടുക്കാൻ കഴിയുമെന്നാണ് ഉൽപാദകരുടെ കണക്കുകൂട്ടൽ. ഒട്ടുമിക്ക തോട്ടങ്ങളിലും രോഗ, കീടബാധയുടെ സൂചനകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് വിപണിയുടെ അടിത്തറ ശക്തമാക്കുന്നു.

കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട ഉൽപാദനം പ്രതീക്ഷിക്കാം.

രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ 45 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. തമിഴ്‌നാടും കർണാടകവും ആന്ധ്രയും കൊക്കോ കൃഷിയിൽ പിച്ചവച്ച് തുടങ്ങിയതേയുള്ളു.

എന്നാൽ ഉയർന്ന വിലയുടെ മാധുര്യം നുകരുന്നതോടെ അവർ കൃഷി വ്യാപിപ്പിക്കാനുള്ള നെട്ടോട്ടം അടുത്ത വർഷം രണ്ടാം പകുതിയിൽ നടത്താം. ചോക്ലേറ്റ് ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് ഓരോ വർഷം അടിവച്ച് ഉയരുമെന്നതും കൊക്കോ കർഷകർക്ക് ശോഭനമായ ഭാവി പ്രവചിക്കുന്നു.

ആഗോള വിപണിയിലേക്ക് തിരിഞ്ഞാൽ വർഷത്തിന്റെ ആദ്യ പകുതിയിൽ കൊക്കോയ്ക്കു നേരിട്ട ക്ഷാമം തുടരാം. നിലവിൽ 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ഉൽപ്പന്നം പുതിയ തലങ്ങളെ ഉറ്റുനോക്കുന്നു.

പഞ്ചസാര❗

കരിമ്പ് കൃഷിക്ക് നേരിട്ട തിരിച്ചടി പഞ്ചസാര ഉല്പാദനത്തെ മാത്രമല്ല കരിമ്പ് ജ്യൂസ്, സത്ത് നിർമ്മാണത്തിലും കുറവ് വരുത്തും. ഇക്കുറി മൺസൂൺ ദുർബലമായത് കരിമ്പ് കർഷകരെ പ്രതിസന്ധിലാക്കി.

അതേ സമയം വിലക്കയറ്റം തടയാൻ ഒക്ടോബർ അവസാനം കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. 2023-24 കാലയളവിൽ രാജ്യത്ത് കരിമ്പ് ഉൽപാദനം പതിനൊന്ന് ശതമാനം കുറയാം.

സംസ്ഥാനത്ത് പഞ്ചസാര ക്വിന്റലിന് 4120 രൂപയിലാണ്. ഉത്സവ ദിനങ്ങളിലും വില സ്‌ഥിരത നിലനിർത്തിയത് കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളാണ്. കാലാവസ്‌ഥ വ്യതിയാനം നമ്മുടെ കൃഷിയെ മാത്രമല്ല, തായ്ലൻഡിനെയും ബാധിച്ചു. വരൾച്ച അവിടത്തെ കരിമ്പ് കർഷകരെ വൻ ദുരിതത്തിലാക്കി.

ഇക്കുറി കരിമ്പ് കൃഷി 17 വർഷത്തിനിടയിൽ ആദ്യമായി 36 ശതമാനം ഇടിഞ്ഞു. കാലാവസ്‌ഥ വിഭാഗത്തിന്റെ കണക്കിൽ എൽ ലിനോ പ്രതിഭാസം മൂലമുള്ള തിരിച്ചടിയിൽ അടുത്ത രണ്ട് വർഷങ്ങളിലും അവിടെ ഉൽപാദനം ചുരുങ്ങുമെന്നാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *