• Sun. Sep 8th, 2024
Top Tags

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല !

Bynewsdesk

Dec 31, 2023

കോഴിക്കോട് : പുതുവത്സരാഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു. സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും.

 

ഇത്തരം വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് ചെയ്യേണ്ടതാണ്. പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണർ പറഞ്ഞു.

നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. പുതുവത്സരാഘോഷങ്ങൾ സുഗമമാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *