• Sun. Sep 8th, 2024
Top Tags

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന; ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും പണം; വ്യാപക ക്രമക്കേട്

Bynewsdesk

Dec 31, 2023

ഇടുക്കി: ശബരിമല സീസൺ പ്രമാണിച്ച് ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫീസ് സമുച്ചയത്തിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണവും വിജിലൻസ് പിടിച്ചെടുത്തു.

 

കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിയിലുള്ള എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജി എസ് ടി എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളിൽ നിന്നും അനധികൃതമായി പണം വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നുള്ള വാഹനത്തിൽ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ 1000 രൂപ കൈക്കൂലിയായി വാങ്ങി. തുടർന്ന് കൂടുതൽ വിജിലൻസ് സംഘം ഓഫീസ് സമുച്ചയത്തിൽ വിശദമായി പരിശോധന നടത്തി. ഉപേക്ഷിച്ച പ്രിന്ററിന്റെ ഉള്ളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000 ലധികം രൂപ വിജിലൻസ് കണ്ടെടുത്തു.

ചെക്ക് പോസ്റ്റ്‌ ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥർ താമസിക്കുന്ന ലോഡ്ജിലും വിജിലൻസ് പരിശോധന നടത്തി. ഓൺലൈൻ പെർമിറ്റ് എടുത്തു വരുന്ന അയൽ സംസ്ഥാനങ്ങളിലെ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വർഷം ശബരിമല സീസൺ സമയത്ത് നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് സംഘം പിടികൂടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *