• Thu. Sep 19th, 2024
Top Tags

നാളെ തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഹെലികോപ്റ്ററിനും ഹെലികാമിനും നിയന്ത്രണം

Bynewsdesk

Jan 2, 2024

തൃശൂര്‍: തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് അവധി. മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുമെന്ന് കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഹെലികാം തുടങ്ങിയവയ്ക്കും തൃശൂര്‍ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ അറിയിച്ചു.

നാളെ ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്‌നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. റോഡ്-റെയില്‍-വ്യോമ ഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *