• Sun. Sep 8th, 2024
Top Tags

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

Bynewsdesk

Jul 12, 2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. പദ്ധതിയുടെ പിതൃത്വത്തിൽ തുടങ്ങി പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചില്ല എന്നത് വരെ നീളുന്നുണ്ട് വിവാദങ്ങൾ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോക്ക് സ്വീകരണവും ട്രയൽ റണ്ണിന്റെ ഉദ്ഘാടനവും നടക്കുന്നത് ഇന്ന് രാവിലെ 10 മണിക്കാണ് . മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും ചടങ്ങിന് എത്തും. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. പദ്ധതിയുടെ ക്രെഡിറ്റ് കൈവിട്ടുപോകുമെന്ന ഭയമാണ് സർക്കാരിനെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വാദം. സ്ഥലത്തെ എം.പിയായ ശശി തരൂരും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് പൂർണ്ണ പിന്തുണയെങ്കിലും മത്സ്യത്തൊഴിലാളികളോട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് അറിയിപ്പ്.

വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആണ് പ്രധാന രാഷ്ട്രീയ ചർച്ച. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി എന്ന് ഇടതു കേന്ദ്രങ്ങളുടെ അവകാശവാദം. എന്നാൽ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതിരോധം. തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്. ഇടതു സർക്കാർ ഭരണ നേട്ടമായി ഉയർത്തിക്കാട്ടുന്ന വിഴിഞ്ഞം തുറമുഖത്തെ, ഉമ്മൻചാണ്ടിയുടെ കുഞ്ഞ് എന്ന വൈകാരികതിയിൽ മറു പ്രതിരോധം തീർക്കുകയാണ് യുഡിഎഫ്. യുഡിഎഫ് എം.എൽ.എ എം. വിൻസെൻ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തേക്കും. വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഇന്ന് ആഹ്ലാദ ദിനമായി ആചരിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉമ്മൻചാണ്ടിക്ക് അഭിവാദ്യപ്രകടനം നടത്താൻ യുഡിഎഫ് പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *