• Fri. Sep 20th, 2024
Top Tags

മണ്ണിലമർന്ന് മുണ്ടക്കൈ: 400 വീടുകളിൽ അവശേഷിക്കുന്ന വീടുകൾ 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്; മരണം 175

Bynewsdesk

Jul 31, 2024

ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ആകാശദൃശ്യങ്ങൾ ദുരന്തഭൂമിയിലെത്തിയ ന്യൂസ് സംഘം പുറത്തുവിട്ടിരുന്നു. ഇതുവരെ 175 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃ​ഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോ​ഗുകളും ഒപ്പമെത്തും.

കൂടാതെ, കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി ഉത്തരവിറക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6 മന്ത്രിമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *