• Fri. Sep 20th, 2024
Top Tags

രക്ഷാപ്രവ‍ർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും; 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി

Bynewsdesk

Aug 1, 2024

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവ‍ർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്കരിക്കും. 12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവ‍ർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *