കല്യാണം പേടിച്ച് വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; വേളാങ്കണ്ണിയില്‍ മലയാളി യുവാക്കള്‍ അറസ്റ്റില്‍‍


വേളാങ്കണ്ണിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാൽ (23) എന്നിവരെയാണ് സിങ്കപ്പെർ പൊലീസ് അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളായ ഇരുവരും വിനോദയാത്രാ സംഘത്തിന്റെ ഭാഗമായാണ് വേളാങ്കണ്ണിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. പുതുക്കോട്ടൈ സ്വദേശികളായ 15വയസ് പ്രായമുള്ള പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടികളിലൊരാള്‍ക്ക് മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇരുവരും വീടുവിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഇവര്‍ വേളാങ്കണ്ണി ബീച്ചിലെത്തിയത്. ബീച്ചില്‍ വച്ച് പെണ്‍കുട്ടികളുടെ അടുത്തെത്തി സംസാരിച്ച യുവാക്കള്‍ ഇവരെ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ലോഡ്ജിലേക്കെത്തിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും തുടര്‍ച്ചയായി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് ആരോപണം. പിന്നാലെ പ്രതികള്‍ സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ലോഡ്ജിലേക്ക് മാറുകയും ചെയ്തു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ലോഡ്ജിലെത്തിയ പൊലീസ് ആണ് അവശനിലയിലായ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്ക് ആഹാരം വാങ്ങിനല്‍കുകയും ചെയ്തു. പെൺകുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റൊരു ലോഡ്ജിലെത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *