• Thu. Sep 19th, 2024
Top Tags

കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

Bydesk

Nov 30, 2022

നഗരത്തിൽ ഭീതിപരത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ചു കൊന്നു. കണ്ണൂർ മുഴത്തടത്ത് ചൊവ്വാഴ്ച രാത്രിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നത്. കുറച്ച് ദിവസങ്ങളായി താണ, മുഴത്തടം പ്രദേശത്ത്‌ കാട്ടുപന്നിയെ കാണുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

നാട്ടുകാർ പരിഭ്രാന്തരായതിനെ തുടർന്ന് പന്നിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കി. വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു ദിവസം പകൽ സമയത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രി വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്.

മുഴത്തടം ആയുർവേദ ആസ്പത്രി, താണ പോസ്റ്റോഫീസ് പരിസരം, വഖഫ്‌ ഓഫീസ് പരിസരം എന്നിവിടങ്ങളിലെ സി.സി.ടി.വി.യിൽ പന്നിയുടെ ദൃശ്യം പതിഞ്ഞിരുന്നു. കാട്ടുപന്നി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന ഇ-ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.

ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിന് കേരള മുനിസിപ്പാലിറ്റീസ് ആക്ട് വകുപ്പ് 50 (2) പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർക്ക് ചുമതല നൽകി കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കാട്ടുപന്നിയെ കൊല്ലാൻ വനം വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും നിർദേശം നൽകി.

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തോക്കുകളുമായി പ്രദേശത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല. വിദഗ്ധ പരിശീലനം ലഭിച്ച നായ ഉൾപ്പെടെയാണ് സംഘമെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *