• Sat. Sep 28th, 2024
Top Tags

സംസ്ഥാന കേരളോത്സവം: കലാമത്സരം 18ന്‌ കണ്ണൂരില്‍ തുടങ്ങും

Bydesk

Dec 15, 2022

സംസ്ഥാന കേരളോത്സവം കലാമത്സരം 18ന് കണ്ണൂരില്‍ തുടങ്ങും. വൈകിട്ട് അഞ്ചിന് പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

21 വരെ ആറ് വേദികളിലായാണ് മത്സരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ എസ് സതീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് പകല്‍ മൂന്നിന് സാംസ്കാരിക ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച്‌ പൊലീസ് മൈതാനിയില്‍ സമാപിക്കും.

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കലാപരിപാടികള്‍, ഫുട്ബോള്‍ ടോക്ക്, ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനം എന്നിവയുമുണ്ട്. രജിസ്ട്രേഷന്‍ 18ന് പകല്‍ രണ്ടിന് ആരംഭിക്കും. പൊലീസ് മൈതാനം, മുനിസിപ്പല്‍ സ്കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലാണ് വേദി. 59 ഇനങ്ങളിലായി 3,500 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനംചെയ്യും.

സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്നുമുണ്ടാകും. വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരമുണ്ടാകും. മികച്ച ജില്ലയ്ക്ക് എവര്‍റോളിങ് ട്രോഫി സമ്മാനിക്കും. മികച്ച ക്ലബ്ബിനും പുരസ്കാരം നല്‍കും. കലാതിലകത്തിനും കലാപ്രതിഭ യ്ക്കും 10,000 രൂപ പുരസ്കാരം നല്‍കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *