• Fri. Sep 27th, 2024
Top Tags

വളപട്ടണം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര വിപുലീകരിക്കുന്നു

Bydesk

Jan 19, 2023

വളപട്ടണം ∙ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര വിപുലീകരണത്തിന് നടപടിയായി. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലാണ് മേൽക്കൂരകൾ നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു. കോൺക്രീറ്റ് അടിത്തറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം പ്ലാറ്റ് ഫോമിൽ നിലവിലുള്ള മേൽക്കൂരയോടൊപ്പം തെക്കു വശത്തേക്ക് ദീർഘിപ്പിക്കും.

രണ്ടാം പ്ലാറ്റ് ഫോമിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ എതിർവശത്തായി പത്തു പേർക്കും നാലു പേർക്കും ഇരിക്കാവുന്ന രണ്ടു മേൽക്കൂരകളാണ് നിർമിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോമിൽ ദീർഘിപ്പിക്കുന്ന ഭാഗത്ത് എട്ടു പേർക്ക് ഇരിക്കാവുന്ന നീളത്തിലാണു നിർമാണം. റെയിൽവേ എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തി നടത്തുന്നത്.

കോൺക്രീറ്റ് അടിത്തറയിൽ ഇരുമ്പു തൂണുകളും ബീമുകളിൽ മേൽക്കൂര സ്ഥാപിക്കുന്ന പ്രവൃത്തികളും ഏതാനും ദിവസത്തിനകം ആരംഭിക്കും. നിലവിൽ ഒന്നാം പ്ലാറ്റ് ഫോമിൽ പ്രധാന സ്റ്റേഷൻ കെട്ടിടത്തിൽ നീളം കുറഞ്ഞ മേൽക്കൂര ഒഴിച്ചാൽ രണ്ടാം പ്ലാറ്റ് ഫോമിൽ ഏതാനും അകലെ ചെറിയ ഷെൽറ്റർ മാത്രമാണുള്ളത്.

വ്യവസായ കേന്ദ്രങ്ങൾക്ക് സമീപമുള്ളതും സിമന്റ് അൺ ലോഡിങ് സ്റ്റേഷൻ എന്ന നിലയിലും പ്രധാന സ്റ്റേഷനാണു വളപട്ടണം. എന്നാൽ, സ്റ്റേഷൻ വിപുലീകരണവും പ്രധാന ട്രെയിനുകൾക്ക് പോലും സ്റ്റോപ്പ് അനുവദിക്കാതെയും വളപട്ടണത്തോട് എന്നും അവഗണന മാത്രമായിരുന്നു.

മെമു, മലബാർ, ഏറനാട് ഉൾപ്പെടെ രാവിലെയും വൈകിട്ടും എട്ടു വീതം ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. ദിവസേന നൂറിലേറെ യാത്രക്കാർ ആശ്രയിക്കുന്നുണ്ട്. മേൽക്കൂരയ്ക്ക് ഒപ്പം ഇരിപ്പിടങ്ങൾ, വെളിച്ചം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കണം. പ്ലാറ്റ് ഫോമുകളിലെ കാടുകൾ വെട്ടിത്തെളിച്ച് സഞ്ചാര യോഗ്യമാക്കാനും നടപടി ഉണ്ടാവണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *