• Fri. Sep 20th, 2024
Top Tags

കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷ പ്രതിഷേധം തുടരും

Bydesk

Feb 9, 2023

ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ചര്‍ച്ചയില്‍ മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ല. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിന് ലക്ഷ്യബോധം ഇല്ലെന്ന വാദം തള്ളിയ ധനമന്ത്രി, സര്‍ക്കാരിന് കൃത്യമായ ലക്ഷ്യബോധമുണ്ടെന്ന് നിയമസഭയില്‍ മറുപടി പറഞ്ഞു. ബജറ്റിനോടുള്ള വിമര്‍ശനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമാണുള്ളത്. കോണ്‍ഗ്രസിന്റെ ആത്മാവ് നഷ്ടപ്പെട്ടുപോയെന്നും ജനങ്ങള്‍ക്ക് ഗുണം ചെയ്യണമെന്നുള്ള പ്രഖ്യാപനങ്ങലാണ് ബജറ്റിലുള്ളതെന്നും മറുപടി പറഞ്ഞു.

സര്‍ക്കാരിന് ധൂര്‍ത്തില്ല. വിദേശയാത്രകളും ധൂര്‍ത്തല്ല. ചെലവ് ചുരുക്കലില്‍ ശാസ്ത്രീയ കാഴ്ചപ്പാടാണുള്ളത്. ബജറ്റിലെ നിര്‍ദേശങ്ങള്‍ ഭാവിയിലേക്കുള്ളതാണ്. ഇന്ധനസെസ് 1 രൂപ കുറയ്ക്കുമെന്ന വാര്‍ത്തകള്‍ കണ്ടാണ് സമരം ചെയ്യുന്നത്. സര്‍ക്കാരിന് അഹങ്കാരമല്ല, എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണുള്ളതെന്നും ധനമന്ത്രി വിമര്‍ശിച്ചു.

ബജറ്റിലെ നികുതി പിരിവിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ്, ഓരോ കുടുംബത്തിനും 4000 രൂപ വരെ അധിക ചിലവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റ് വിപണിയെ തളര്‍ത്തിയിരിക്കുകയാണ്. ഇന്ധനസെസ് കൂട്ടിയത് അനുചിതമായി. നികുതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. കിഫ്ബി പദ്ധതി വെള്ളാനയായി മാറി.

ഇന്ധനസെസ് കുറയ്ക്കാതെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും. നികുതി ഭാരം ജനങ്ങളില്‍ കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് നികുതി അരാജകത്വമാണെന്നും ബജറ്റ് വിനാശകരമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *