• Fri. Sep 20th, 2024
Top Tags

വേനൽ കനത്തതോടെ ജലമൂറ്റൽ വ്യാപകം

Bydesk

Feb 22, 2023

ആലക്കോട്∙ വേനൽ കനത്തു  ജലക്ഷാമം തുടങ്ങിയതോടെ  മലയോരമേഖലയിലെ പുഴകളിൽ  ജലമൂറ്റൽ വ്യാപകമായി.  നീരൊഴുക്ക് നിലയ്ക്കാറായപ്പോഴാണു വലിയ മോട്ടറുകൾ വരെ ഉപയോഗിച്ച് കൃഷി ആവശ്യത്തിനും മറ്റുമായി ജലമൂറ്റുന്നത്. മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ  പുഴകളിലാണ് രാപകൽ വ്യത്യാസമില്ലാതെ ജലചൂഷണം നടക്കുന്നത്.

മിക്ക പുഴകളിലും നീരൊഴുക്ക് നന്നേ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നിലച്ചിട്ടുണ്ട്. പുഴകൾ വറ്റിവരളുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.  അതേസമയം,  മേഖലയിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ  പുഴകളുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് മേഖലയിലെ ശുദ്ധജല ലഭ്യത. നീരൊഴുക്കു നിലയ്ക്കുന്നതോടെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങുന്നു.

പുഴകളുടെ ഇരുവശങ്ങളിലുമുള്ളവരാണ് ജലമൂറ്റലിൽ മുന്നിൽ നിൽക്കുന്നതെങ്കിലും വിൽപനയ്ക്കായി ലോറികളിൽ വെള്ളം ശേഖരിക്കുന്നവരുമുണ്ട്. പുഴകളിൽ രൂപപ്പെടുന്ന കയങ്ങളിലെ വെള്ളവും  ഇത്തരക്കാർ ഊറ്റിയെടുക്കുന്നു. മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഇത് ഭീഷണിയാണ്.  ജലക്ഷാമം തുടങ്ങിയതോടെ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമായി പുഴജലം ഉപയോഗിച്ചിരുന്ന ഒട്ടേറെ പേർ  പ്രതിസന്ധിയിലായി.

പുഴജലമൂറ്റലിനെതിരെ  നടപടി സ്വീകരിക്കേണ്ട പഞ്ചായത്തുകൾ നിഷ്ക്രിയത്വം പാലിക്കുന്നതിനാൽ ജലമൂറ്റൽ ദിനംപ്രതി വർധിക്കുകയാണ്. ജലസേചനത്തിനുള്ള സൗജന്യ വൈദ്യുതി ഉപയോഗിച്ചാണ് പലയിടങ്ങളിലും ജലമൂറ്റുന്നത്. ഇത് പരിശോധിക്കാൻ പോലും പഞ്ചായത്ത് അധികൃതർ ശ്രമിക്കാറില്ല. പുഴകളിലെ നീരൊഴുക്ക് നിലയ്ക്കാൻ തുടങ്ങിയാലും ജലമൂറ്റൽ നിരോധിക്കാനുള്ള ഉത്തരവ് പല പഞ്ചായത്തുകളും പുറപ്പെടുവിക്കാറില്ല. പിന്നീട് ഉത്തരവ് വരുമ്പോഴേക്കും പുഴകൾ വറ്റിയിട്ടുണ്ടാവും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *