• Sat. Sep 21st, 2024
Top Tags

ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ

Bydesk

Mar 8, 2023

ഇരിക്കൂർ: വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം. പുഴയിൽ ഏറെ നാളായി നിലച്ചിരുന്ന മണലൂറ്റാണ് വീണ്ടും തുടങ്ങിയത്. മുൻപ് പുഴയുടെ വിവിധ ഭാഗങ്ങൾ മണൽ മാഫിയകൾ കയ്യടക്കിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പൊലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നു മണൽകടത്ത് പാടെ നിലച്ചിരുന്നു. ഇപ്പോൾ വീണ്ടും പുഴ വിവിധ സംഘങ്ങൾ കയ്യടക്കി മണൽ വാരിത്തുടങ്ങിയിട്ടുണ്ട്.

പുഴയുടെ ഇരിക്കൂർ പഞ്ചായത്തിന്റെ ഭാഗത്തോടു ചേർന്ന സ്ഥലങ്ങൾക്കു പകരം കൂടാളി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന മറുകരയിലാണു ഇപ്പോൾ മണലൂറ്റും കടത്തും വ്യാപകമായിരിക്കുന്നത്. പുലർച്ചെയും രാത്രിയുമാണ് മണൽ സംഭരണവും കടത്തും നടക്കുന്നത്. പുഴയിൽ നിന്നു ചാക്കിൽ നിറച്ചാണ് മണൽ കടത്തുന്നത്. നൂറു കണക്കിനു ചാക്കുകളിൽ നിറച്ച മണൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയാണ്. വേനലിൽ നീരൊഴുക്കു കുറഞ്ഞ പുഴയിൽ വലിയ കുഴികളുണ്ടാക്കിയാണ് മണൽ ശേഖരിക്കുന്നത്.

ആഴമുള്ള കുഴികളിൽ നിന്നു ശേഖരിക്കുന്ന മണൽ അരിച്ചെടുക്കുകയാണു ചെയ്യുന്നത്. പുഴയുടെ ആയിപ്പുഴ, കൂരാരി ഭാഗങ്ങളിൽ ഇത്തരത്തിൽ ഒട്ടേറെ വൻ ഗർത്തങ്ങൾ തന്നെയുണ്ട്. വലിയ പരിസ്ഥിതി പ്രശ്നമാണെങ്കിൽ കൂടി അധികൃതർ അനധികൃത മണലൂറ്റിനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *